ആലുവ : ചൊവ്വാഴ്ച അന്തരിച്ച ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പാത്തുമ്മ ആലുവയിൽ അറിയപ്പെട്ടിരുന്നത് 'സഖാവ് പാത്തുമ്മ' എന്ന പേരിലായിരുന്നു. ഒരിക്കൽ ടെക്സ്‌െറ്റെൽസ് വ്യവസായത്തിന് പേരുകേട്ട ആലുവയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയെ വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.

ഭർത്താവ് മുഹമ്മദ് എന്ന മമ്മുവിനോടൊപ്പമായിരുന്നു പാർട്ടി പ്രവർത്തനം. ആലുവയിലെ സമരപരിപാടികളിൽ സക്രിയമായിരുന്ന പാത്തുമ്മയെ അറിയാത്ത ആലുവക്കാർ കുറവായിരിക്കും. സമരങ്ങളിൽ മുൻനിരയിൽത്തന്നെ അണിനിരന്നതോടെ 'ആലുവയുടെ ഗൗരിയമ്മ' എന്ന വിളിപ്പേരും അവർക്ക് ലഭിച്ചിരുന്നു. അഞ്ചുവർഷം മുമ്പുവരെ ഇടത് സമരമുഖങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അവർ.

തൃശ്ശൂരിലെ അളഗപ്പനഗർ ടെക്സറ്റൈൽസ്‌ കമ്പനിയിൽ ജീവനക്കാരിയായിരുന്ന അംബുജാക്ഷിയാണ്, മുഹമ്മദ് എന്നയാളെ വിവാഹം കഴിച്ചതോടെ പാത്തുമ്മ ആയത്. തൃശ്ശൂരിലെ ടെക്സ്‌െറ്റെൽസ് കമ്പനിയിൽ സമരത്തിന് നേതൃത്വം നൽകിയതോടെ അവരെ പിരിച്ചുവിട്ടു.

1951-ൽ തൊഴിൽതേടി ആലുവയിലെത്തുകയും അശോക ടെക്സ്‌െറ്റെൽസിൽ ജോലിക്ക്‌ കയറുകയും ചെയ്തു. അവിടേയും തൊഴിലാളികളെ സംഘടിപ്പിച്ച് സമരങ്ങൾക്ക് നേതൃത്വം നൽകി.

തിരുവനന്തപുരത്തും ഡൽഹിയിലും നിരാഹാര സമരങ്ങളിലും പങ്കെടുത്തു. മിച്ചഭൂമി, അടിയന്തരാവസ്ഥാ സമരങ്ങളിലും പാത്തുമ്മ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. പലപ്പോഴും കമ്യൂണിസ്റ്റ് സമരങ്ങളിൽ ഉണ്ടാകുന്ന ഏക വനിതാ സാന്നിധ്യമായിരുന്നു പാത്തുമ്മയുടേത്.

സി.പി.എം.കാരിയായിരുന്നെങ്കിലും ഇടക്കാലത്ത് പാർട്ടിയോട് പിണങ്ങി സി.പി.ഐ.യിൽ പ്രവർത്തിച്ചു. പിന്നീട് സി.പി.എമ്മിൽ തിരികെയെത്തി. സി.പി.എമ്മിനോട് പിണങ്ങിയ ഒറ്റ രാത്രിയിൽത്തന്നെ പാത്തുമ്മയുടെ നേതൃത്വത്തിൽ എ.ഐ.ടി.യു.സി. യൂണിറ്റ് ഉണ്ടാക്കി.

രാഷ്ട്രീയം നോക്കാതെ പാവപ്പെട്ടവരുടെ പ്രശ്നങ്ങളിൽ ഇടപെടുമായിരുന്നു. ഏത് ഭരണമായാലും പാത്തുമ്മയ്ക്ക് പോലീസ് സ്റ്റേഷനിലും സർക്കാർ ഓഫിസുകളിലും സ്വാധീനമുണ്ടായിരുന്നു.

കെ.ആർ. ഗൗരിയമ്മ, ഇ.കെ. നായനാർ, പി.കെ.വി, ഇ. ബാലാനന്ദൻ, സി. അച്യുത മേനോൻ, വി.എസ്. അച്യുതാനന്ദൻ എന്നിവരുമായും നേരിട്ട് സൗഹൃദമുണ്ടായിരുന്നു.

നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ തിരുവനന്തപുരത്ത് എത്തിച്ച് ചികിത്സിച്ചിട്ടുണ്ട്. കെ.ആർ. ഗൗരിയമ്മയുടെ വീട്ടിൽ പലതവണ പോയിട്ടുണ്ട്.