ആലുവ : വില കൂടിയ സ്പോർട്‌സ് സൈക്കിളുകൾ മോഷ്ടിച്ച് ഒ.എൽ.എക്സ് വഴി വില്പന നടത്തുന്ന യുവാവ് പിടിയിൽ. ആലുവ നസ്രേത്ത് പള്ളിക്ക് സമീപം താമസിക്കുന്ന എഡ്വിൻ ഷാജി (22) യാണ് പിടിയിലായത്. പ്രതി ആലുവയിൽനിന്നു മോഷ്ടിച്ച ഒരു സ്പോർട്‌സ് സൈക്കിൾ വില്പന നടത്തുന്നതിനായി ഒ.എൽ.എക്സിൽ നൽകിയ പരസ്യം കാണാനിടയായ ഉടമസ്ഥൻ ആലുവ ഈസ്റ്റ് പോലീസിനെ അറിയിക്കുകയായിരുന്നു.

പകൽ സമയങ്ങളിൽ സൈക്കിളുകളുള്ള വീടുകൾ കണ്ടെത്തി രാത്രി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മോഷണം നടത്തിയ രണ്ട് സൈക്കിളുകൾ കണ്ടെടുത്തിട്ടുണ്ട്. ആലുവ എസ്.എച്ച്.ഒ. എൻ. സുരേഷ് കുമാർ, എസ്.ഐ. മാരായ ജെർട്ടീന ഫ്രാൻസിസ്, വി.കെ. രവി, എ.എസ്.ഐ. മാരായ ബിജു, ജൂഡ്, എസ്.സി.പി.ഒ. മീരാൻ, സി.പി.ഒ.മാരായ മുഹമ്മദ് അമീർ, സന്ദീപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.