ആലുവ : ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ആലുവ പുളിഞ്ചുവടിലുള്ള ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ കീഴ്മാട് എടയപ്പുറം അമ്പാട്ട് ജങ്ഷൻ മോളോത്ത് വീട്ടിൽ താമസിക്കുന്ന പറവൂർ സ്വദേശി ആർ. വിജയകുമാർ (63) ആണ് മരിച്ചത്. ശ്വാസംമുട്ടലും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. ഫ്ളാറ്റ് അധികൃതർ അറിയിച്ചതിനെ തുടർന്ന് സ്വകാര്യ ആംബുലൻസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

തിങ്കളാഴ്ച രാവിലെ 9.15-ന് എത്തിയ രോഗി പത്ത് മണിയോടെ ആംബുലൻസിൽ മരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു.

രോഗിയുമായി ആദ്യം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് എത്തിയത്. രോഗ ലക്ഷണങ്ങൾ പറഞ്ഞതോടെ പനി പരിശോധനാ വിഭാഗത്തിലേക്ക് പറഞ്ഞുവിട്ടു. അവിടെ വൈദ്യുതി ഇല്ലാത്തതിനാൽ കോവിഡ് ഐസൊലേഷൻ വിഭാഗത്തിലേക്ക് അയച്ചു. രോഗിയെ പരിശോധിക്കുന്നതിനും ആംബുലൻസിൽനിന്ന് ഇറക്കുന്നതിനുമായി ആരോഗ്യ പ്രവർത്തകർ പി.പി.ഇ. കിറ്റ് ധരിച്ച് എത്തിയപ്പോഴേക്കും ആംബുലൻസിനുള്ളിൽത്തന്നെ മരിച്ചുകിടക്കുന്നതായാണ് കണ്ടത്. തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക്‌ മാറ്റി. ഫ്ലാറ്റിൽനിന്ന് നടന്നാണ് വിജയൻ ആംബുലൻസിൽ കയറിയത്. അത്യാഹിത വിഭാഗത്തിൽ വിജയൻ സംസാരിക്കുകയും ചെയ്തതായി പറയുന്നു.

ജില്ലാ കളക്ടർ എസ്. സുഹാസ് ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടി. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് രോഗലക്ഷണവുമായി വരുന്നവർ നേരിട്ട് കോവിഡ് ഐസൊലേഷൻ വിഭാഗത്തിലാണ് ചികിത്സ തേടേണ്ടതെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ടെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു.

മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളാരും എത്തിയിട്ടില്ല. അവരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

രോഗിയെ എത്തിച്ചത് മരിച്ചനിലയിൽ - ആശുപത്രി സൂപ്രണ്ട്

ആലുവ : ആംബുലൻസിൽ എത്തിച്ച സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിലായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി പറഞ്ഞു. ചൂർണിക്കര കണ്ടെയ്ൻമെന്റ് സോണിൽ നിന്നാണ് ഇയാളെ കൊണ്ടുവന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ കണ്ടെയ്ൻമെന്റ് സോണിലെ രോഗികളെ പരിചരിക്കാൻ കഴിയൂ. പ്രാഥമിക പരിശോധന നടത്താനായി ആശുപത്രി ജീവനക്കാർ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുമായി സമീപിക്കുമ്പോൾ അദ്ദേഹത്തിന്റെ ശരീരം തണുത്തുറഞ്ഞ നിലയിലായിരുന്നു. ആശുപത്രിയുടെ അത്യാഹിത ബ്ലോക്കിനു സമീപം സ്ഥിരമായി സ്വകാര്യ ആംബുലൻസ് പാർക്ക് ചെയ്യുന്നതിനെതിരേ ഡ്രൈവറെ ആശുപത്രി അധികൃതർ വിലക്കിയിരുന്നു. ഈ വ്യക്തിയാണ് രോഗിയുമായി എത്തിയ ആംബുലൻസ് ഓടിച്ചിരുന്നത്. ഇതോടൊപ്പം മറ്റൊരു സ്വകാര്യ ആംബുലൻസ് ഡ്രൈവർ അനധികൃതമായി അത്യാഹിത വിഭാഗത്തിന്റെ ഒ.പി.യിൽ പ്രവേശിക്കുന്നതിനെ ആശുപത്രി അധികൃതർ ചോദ്യം ചെയ്തിരുന്നു. ഈ രണ്ട്‌ വ്യക്തികളും കൂടിയാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് മനഃപൂർവം കെട്ടിച്ചമച്ച് ബഹളം വെച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കൊച്ചി : ആലുവ ജില്ലാ ആശുപത്രിക്കു മുമ്പിൽ ചികിത്സ കിട്ടാതെ രോഗി ആംബുലൻസിൽ കിടന്ന് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.