ആലുവ : അവശ്യവസ്തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള നിർദേശങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്.പി കെ. കാർത്തിക്.

റൂറൽ ജില്ലയിൽ ആലുവ ലാർജ് ക്ലസ്റ്റർ ഉൾപ്പെടുന്ന കർഫ്യൂ മേഖലയിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. കർഫ്യൂ മേഖലയിൽ നിയമലംഘനം നടത്തിയതിന് 19 കേസുകൾ രജിസ്റ്റർ ചെയ്തു. 9 പേരെ അറസ്റ്റ് ചെയ്തു.

മാസ്ക് ധരിക്കാത്തതിനും സാമൂഹ്യ അകലം പാലിക്കാത്തതിനും 42 പേർക്കെതിരേ കേസെടുത്തു. 5 വാഹനങ്ങൾ പിടിച്ചെടുത്തു.

എടത്തല പഞ്ചായത്തിൽ രണ്ടാം വാർഡിൽ ചൂണ്ടി പാരിഷ് ഹാളിൽ വെച്ച് 58 പേർക്ക് കോവിഡ് പരിശോധന നടത്തി. കർഫ്യൂ പ്രഖ്യാപിച്ചതിന് ശേഷം മൂന്നാം ദിനവും ആലുവ മേഖല ശാന്തമായിരുന്നു. കടകൾ അടയ്ക്കുന്ന സമയമായ രണ്ട് മണിക്ക് ശേഷം പൂർണമായും നിശ്ചലമായി.