ആലുവ : കീഴ്‌മാട് പഞ്ചായത്തിലെ ഫസ്റ്റ്‌ലെവൽ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി 30 കോവിഡ് പോസിറ്റീവ് രോഗികളെ ഇവിടെ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചിട്ടുണ്ട്.

ആലുവ മേഖലയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ എഫ്.എൽ.ടി.സി.യാണ് കീഴ്‌മാടിലേത്. മോഡൽ റെസിഡൻഷ്യൽ സ്കൂളാണ് എഫ്.എൽ.ടി.സി.യായി മാറ്റിയെടുത്തത്. 3 നിലകളിലായി 102 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. 24 മണിക്കൂറും ഒരു ഡോക്ടർ, 5 സ്റ്റാഫ് നഴ്‌സ്, 2 ആംബുലൻസ്, 4 വൊളന്റിയർമാർ, ഒരു ശുചീകരണ തൊഴിലാളി എന്നിവർ ഇവിടെയുണ്ട്.

പഞ്ചായത്ത് ജീവനക്കാരുടെ നേതൃത്വത്തിൽ മുഴുവൻ സമയവും ഓഫീസ് പ്രവർത്തിക്കും. ടെലി മെഡിസിൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പോസിറ്റീവായ രോഗികളാണ് ഇവിടെ ചികിത്സയിലുള്ളതെന്ന് കീഴ്‌മാട് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അഭിലാഷ് അശോകൻ പറഞ്ഞു.