ആലുവ : രണ്ട് ബാച്ചായി തിരിച്ച് 50-50 ക്രമത്തിൽ നിശ്ചയിച്ചിരുന്ന റൂറൽ ജില്ലയിലെ പോലീസിന്റെ ഡ്യൂട്ടിസമയം മാറ്റി. റൂറൽ ജില്ലയിൽ കോവിഡ് കേസുകൾ കൂടുന്നതും ആലുവ ലാർജ് ക്ലസ്റ്ററാക്കി കർഫ്യൂ പ്രഖ്യാപിച്ചതുമാണ് ഡ്യൂട്ടിസമയം മാറ്റാൻ കാരണം.

പുതിയരീതി അനുസരിച്ച് ഒരേസമയം 80 ശതമാനം ജീവനക്കാർക്ക് ഡ്യൂട്ടിയും 20 ശതമാനം പേർക്ക് വിശ്രമവുമാണ് അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതൽ റൂറൽ പോലീസ് ജില്ലയിൽ ഈ രീതി നടപ്പിലാക്കിത്തുടങ്ങി. നേരത്തെ 50 ശതമാനം പേരുടെ ഒരു ബാച്ച് ജോലിക്കുവരുമ്പോൾ 50 ശതമാനം പേരുടെ അടുത്ത ബാച്ചിന് ഏഴു ദിവസം വിശ്രമം അനുവദിച്ചിരുന്നു.

ഏഴു ദിവസം കഴിഞ്ഞ് ഡ്യൂട്ടിചെയ്ത ആദ്യ ബാച്ചിന് വിശ്രമം അനുവദിക്കും. ഇതുവഴി ഒരു ബാച്ച് ക്വാറന്റീനിൽ പോകേണ്ടിവന്നാൽ അടുത്ത ബാച്ചിന് അടിയന്തരമായി ഡ്യൂട്ടി കൈമാറാനും സാധിക്കുമായിരുന്നു. ഈ രീതിയനുസരിച്ച് എടത്തല സ്റ്റേഷനിൽ സി.ഐ. ഉൾപ്പടെ 14 പേർ ക്വാറന്റീനിൽ പോയപ്പോൾ രണ്ടാമത്തെ ബാച്ചാണ് ഡ്യൂട്ടിക്ക്‌ കയറിയത്. നിലവിൽ വിവിധ സ്റ്റേഷനുകളിലെ 36 പോലീസുകാരാണ് ക്വാറന്റീനിൽ ഉള്ളത്.