ആലുവ : ഗുരുതര കരൾരോഗം ബാധിച്ച അങ്കമാലി കറുകുറ്റി സ്വദേശി ബിജുവിന് (46) സ്വന്തം കരൾ പകുത്തുനൽകി ഭാര്യ ലിജി (39). കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആലുവ രാജഗിരി ആശുപത്രിയിൽ നിന്ന് ഇരുവരും വീട്ടിലേക്ക് മടങ്ങി. ആലുവ രാജഗിരി ആശുപത്രിയിലേയും െബംഗളൂരു അപ്പോളോ ആശുപത്രിയിലേയും ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

2017-ലാണ് ബിജുവിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവാണെന്ന് കണ്ടതിനെ തുടർന്ന് രാജഗിരി ആശുപത്രിയിലെ ഹെമറ്റോളജിസ്റ്റ് ഡോ. മോബിൻ പോളിന്റെ അടുത്ത് വിദഗ്ധ ചികിത്സക്കെത്തി. രാജഗിരിയിൽ എത്തുമ്പോൾ കരൾരോഗ ലക്ഷണങ്ങൾ കൂടിയതിനെ തുടർന്ന് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ബിജുവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഏക മാർഗമെന്ന് ഡോക്ടർമാരുടെ സംഘം നിർദേശിച്ചു. ലിജിയുടെ കരൾ ബിജുവിന് മാറ്റിവെയ്ക്കാൻ യോജ്യമാണെന്നും സ്ഥിരീകരിച്ചു. രാജഗിരി ആശുപത്രിയിലെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോ. ജോസഫ് ജോർജ്‌, ഡോ. ഗസ്‌നഫർ ഹുസൈൻ, ഡോ. ജോൺ മേനാച്ചേരി, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ. ശാലിനി രാമകൃഷ്ണൻ, ഡോ. വിവേക് ടി. മേനാച്ചേരി, ഡോ. ജയശങ്കർ എസ്., അപ്പോളോ ആശുപത്രിയിലെ ഡോ. സഞ്ജയ് ഗോവിൽ എന്നിവർ ചികിത്സയിൽ പങ്കാളികളായി.

കോവിഡ് സാഹചര്യത്തിൽ ബിജുവിന്റേയും കുടുംബത്തിന്റേയും അവയവ മാറ്റ ശസ്ത്രക്രിയയിൽ പങ്കെടുക്കുന്ന ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും ടെക്‌നീഷ്യൻമാരുടേയും സുരക്ഷ ഉറപ്പുവരുത്തുക ഏറെ വെല്ലുവിളിയായിരുന്നു. അവയവം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി കർശന സുരക്ഷാ നടപടികളിലൂടെയാണ് ബിജുവും ഭാര്യയും 40 പേരോളം അടങ്ങുന്ന വൈദ്യസംഘവും കടന്നുപോയത്.