ആലുവ : സ്വന്തമായി സാനിറ്റൈസർ ഡിസ്പെൻസർ നിർമിച്ച് വിദ്യാർഥികൾ. പി.വി.സി. പൈപ്പുകൾ ഉപയോഗിച്ച് കാലുകൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന സാനിറ്റൈസർ ഡിസ്പെൻസറാണ് വിദ്യാർഥികൾ നിർമിച്ചത്. തുരുത്ത് പുതിയേടത്ത് സുനിൽകുമാറിന്റെ മക്കളായ ഫിസാറ്റിലെ എൻജിനീയറിങ് വിദ്യാർഥി ഗോപീകൃഷ്ണനും ശിവഗിരി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ശ്രീനന്ദനുമാണ് ഇത് നിർമിച്ചത്. കാലുകൊണ്ട്‌ ഉപകരണം പ്രവർത്തിപ്പിക്കാം. വിപണിയിൽ ലഭിക്കുന്ന ഡിസ്പെൻസറുകളെക്കാൾ ചെലവുകുറഞ്ഞ രീതിയിലാണ് നിർമാണം. അതിനാൽ വീടുകളിലും ഇവ സ്ഥാപിക്കാം. ഡിസ്പെൻസർ നിർമിക്കാൻ 200 രൂപയോളമാണ് ചെലവായത്. തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിക്ക് ഒരെണ്ണം നിർമിച്ചനൽകിയിരുന്നു.