ആലുവ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച കർഫ്യൂവിന്റെ രണ്ടാം ദിനത്തിലും ആലുവ നഗരം ശൂന്യം. പ്രധാന റോഡുകളിലടക്കം പോലീസ് പട്രോളിങ് ശക്തമാക്കിയതോടെ അനാവശ്യമായി വീടിന് പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു

. എന്നാൽ, ഗ്രാമീണമേഖലകളിൽ പകൽസമയം തിരക്കുള്ളതായി. ഇത്തരം സ്ഥലങ്ങളിൽ നടപടി കൂടുതൽ കർശനമാക്കണമെന്ന ആവശ്യവും ഉയരുന്നു.

പലസ്ഥലങ്ങളിലും പോലീസ് തീർത്ത ബാരിക്കേഡുകളും കയറുകളും മറികടന്ന് ആളുകൾ വാഹനങ്ങളുമായി പുറത്തുകടക്കുന്നതായി പരാതിയുണ്ട്. ആലുവയിൽനിന്ന്‌ ചൂർണിക്കരയിലേക്ക് പ്രവേശിക്കുന്ന നസ്രത്ത് പള്ളിയുടെ മുൻപിലുള്ള ഭാഗത്ത് ഇത്തരത്തിൽ റോഡിൽ കെട്ടിയിരുന്ന കയറുകൾ പതിവായി അഴിച്ചുനീക്കുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണിന്‌ പിന്നാലെ കർഫ്യൂ പ്രഖ്യാപിച്ചതോടെ ബിസ്കറ്റ്‌, ന്യൂഡിൽസ് പോലുള്ള പാക്കറ്റ് ഫുഡുകൾക്കും മത്സ്യം പോലുള്ളവയ്ക്കും ക്ഷാമം നേരിടുന്നുണ്ട്. ആന്റി സെപ്റ്റിക് ലോഷനുകൾ ആലുവയിൽ കിട്ടാതായിട്ട് നാളുകളായി.

ആലുവ നഗരത്തിലെ തെരുവിൽ കഴിയുന്നവരും പട്ടിണിയിലായി.

ശിവരാത്രി മണപ്പുറം, ആലുവ റെയിൽവേ സ്റ്റേഷൻ, ദേശീയപാതയിലെ മേൽപ്പാലം എന്നിവയ്ക്ക് സമീപമാണ് ഇവർ അന്തിയുറങ്ങുന്നത്. ഹോട്ടലുകളും അടച്ചതോടെയാണ് ഇവരുടെ അന്നംമുട്ടിയത്.

കോവിഡിന്റെ മറവിൽ രാത്രി മണൽവാരൽ

ആലുവ :കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടും കുഞ്ഞുണ്ണിക്കരയിൽനിന്ന് അനധികൃതമായി മണൽവാരി കടത്തുന്നു. രാത്രിയിലാണ് പെരിയാറിൽനിന്ന് മണൽ വാരുന്നത്. നേരം പുലരുന്നതിന് മുൻപേ ലോറിയിൽ കയറ്റി ലക്ഷ്യസ്ഥാനത്തേക്ക്‌ വിടും. രാത്രി എട്ടുമണി വരെ മാത്രമേ കുഞ്ഞുണ്ണിക്കരയിൽ പോലീസിന്റെ സാന്നിധ്യമുള്ളൂ. ഈ അവസരം മുതലെടുത്ത് രാത്രിയിലാണ് മണൽ കടത്തുന്നത്. മണൽ ലോറികൾക്ക് ആലുവയുമായി ബന്ധിപ്പിക്കുന്ന പാലം മറികടന്നാൽ എളുപ്പം ദേശീയപാതയിലെത്താം. മറുനാടൻ തൊഴിലാളികളെയും മറ്റു ജില്ലകളിൽ നിന്നെത്തിയ മണൽവാരുന്ന തൊഴിലാളികളെയും കൊണ്ടാണ് മണൽവാരുന്നത്.