ആലുവ : ജീവനക്കാരന്റെ സഹോദരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ ട്രഷറി താത്കാലികമായി അടച്ചു. ട്രഷറി ജീവനക്കാർ എല്ലാവരും ക്വാറന്റീനിലായതിനാലാണ് ട്രഷറി അടയ്ക്കേണ്ടിവന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് വിദ്യാലയങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, പഞ്ചായത്തുകൾ എന്നിവയുടെ ബില്ലുകൾ ട്രഷറിയിൽ കെട്ടിക്കിടക്കുകയാണ്. ട്രഷറി അടയ്ക്കേണ്ടിവന്നതോടെ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലായി. കുഞ്ഞുണ്ണിക്കര സ്വദേശിയായ ജീവനക്കാരന്റെ പിതാവ് കഴിഞ്ഞദിവസം മരണമടഞ്ഞിരുന്നു. ഇതിന്റെ ചടങ്ങുകൾ കഴിഞ്ഞതിന് ശേഷമാണ് ജീവനക്കാരന്റെ സഹോദരന് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ജീവനക്കാരന്റെ പരിശോധനാഫലം ഇതുവരെയും ലഭിച്ചിട്ടില്ല. തിങ്കളാഴ്ച മുതൽ പകരം ജീവനക്കാരെയെത്തിച്ച് ട്രഷറി തുറക്കാനാകുമോയെന്ന് പരിശോധിക്കുന്നുണ്ട്.