ആലുവ : കർഫ്യൂ പ്രഖ്യാപിച്ചിട്ടും ആലുവ-കീഴ്‌മാട് ക്ലസ്റ്ററിലെ ഗ്രാമീണ മേഖലയിൽ തിരക്കിന് കുറവില്ല.

എട്ട് തദ്ദേശ സ്ഥാപനങ്ങൾക്കുള്ളിൽപ്പെട്ട പ്രദേശങ്ങളിൽ ഗതാഗതം നിരോധിച്ചെങ്കിലും മാസ്ക് ധരിക്കാതെയും ഇരുചക്രവാഹനവുമായും ഒട്ടേറെ പേർ പുറത്തിറങ്ങി. പോലീസും അധികൃതരും തീർത്ത ബാരിക്കേഡുകൾ എടുത്തുമാറ്റിയും ആളുകൾ റോഡിലിറങ്ങി. തിരക്കേറിയതോടെ ഈ ഭാഗങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി.

കടകളിൽ വൻ തിരക്ക്

സാധനങ്ങൾ വാങ്ങാൻ വൻ തിരക്കാണ് മിക്ക കടകളിലും. ഒരേസമയം അഞ്ചോ ആറോ പേർ വീതം ഉണ്ടായിരുന്നു. റേഷൻ കടകളിലും നീണ്ടനിര കണ്ടു. അവശ്യവസ്തുകൾ വിൽക്കുന്ന കടകൾക്ക്‌ മാത്രമാണ് അനുമതി. അല്ലാത്ത ചില കടകൾ തുറന്നതിന്‌ കേസെടുത്തു.

അതിർത്തികളിൽ നിരീക്ഷണം

കർഫ്യൂ മേഖലകളിൽ പുറത്തുനിന്നുള്ള വാഹനങ്ങൾക്ക് നിരോധനമുണ്ട്. പ്രത്യേക നിരീക്ഷണം പോലീസ് ഏർപ്പെടുത്തി. ആലുവ-പെരുമ്പാവൂർ റോഡിൽ മഹിളാലയം ജങ്ഷനിലും ആലുവ-മൂന്നാർ പാതയിൽ നാലാം മൈലിലും കൊച്ചിൻ ബാങ്ക് ജങ്ഷനിലും ബാരിക്കേഡുവെച്ച് ഗതാഗതം തടഞ്ഞിട്ടുണ്ട്. ദേശീയ പാതയിലൂടെ വാഹനങ്ങൾക്ക് തടസ്സമില്ല. എന്നാൽ, കർഫ്യൂ പ്രഖ്യാപിച്ചയിടങ്ങളിൽ വാഹനങ്ങൾ നിർത്താൻ പാടില്ല.