ആലുവ : കർഫ്യൂ പ്രഖ്യാപിച്ച ആലുവ-കീഴ്‌മാട് ക്ലസ്റ്ററിൽ കനത്ത ജാഗ്രത. ആലുവ നഗരസഭയും സമീപ പഞ്ചായത്തുകളായ കീഴ്‌മാട്, ചൂർണിക്കര, എടത്തല, കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ, ചെങ്ങമനാട് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച മുതൽ ‘കർഫ്യൂ’ പ്രഖ്യാപിച്ചത്. വൻ പോലീസ് സുരക്ഷ ഏർപ്പെടുത്തിയതായി എസ്.പി കെ. കാർത്തിക് പറഞ്ഞു.

ആലുവ മേഖലയിലെ കോവിഡ് വൈറസ്, വ്യാപനശേഷിയും അപകടസാധ്യതയും കൂടിയ വിഭാഗത്തിൽപ്പെടുന്നതാണെന്നാണ്‌ ആരോഗ്യവിഭാഗത്തിന്റെ കണ്ടെത്തൽ.

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച്, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. ചെറിയ വീഴ്ചകൾക്ക് പോലും വലിയ വില നൽകേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. കർഫ്യൂ പ്രഖ്യാപിച്ച മേഖലകളിലെ ആകെ രോഗികൾ 300 കടന്നു. കീഴ്‌മാട് പഞ്ചായത്തിലാണ് കൂടുതൽ രോഗികൾ -138 പേർ. മാർക്കറ്റും റെയിൽവേ സ്റ്റേഷൻ സ്ക്വയറിലെ ചായക്കടയും ബസ് ടിക്കറ്റ് കൗണ്ടറുമാണ് ആലുവയിലും സമീപ പഞ്ചായത്തുകളിലും രോഗവ്യാപനത്തിന് കാരണമായത്. കീഴ്‌മാടിലെ വളയിടൽ ചടങ്ങും ചുണങ്ങംവേലി എസ്.ഡി. കോൺവെന്റിലെ കന്യാസ്ത്രീകളും കോവിഡ് രോഗികളുടെ എണ്ണത്തിൽ കുതിപ്പുണ്ടാക്കി.