ആലുവ : കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച കർഫ്യൂവിൽ പുറത്തിറങ്ങാതെ ജനം... കർഫ്യൂവിന്റെ ആദ്യദിനത്തിൽ ആലുവ നഗരവും സമീപ പഞ്ചായത്തുകളും ആളനക്കമില്ലാതെയായി, ജനം വീട്ടിലൊതുങ്ങി. മറ്റ് സ്ഥലങ്ങളിലെ വാഹനങ്ങൾക്കും ആളുകൾക്കും ഇവിടേക്ക്‌ പ്രവേശനവും ഇല്ലാതായതോടെ കർഫ്യൂ മേഖല പൂർണമായും ഒറ്റപ്പെട്ടു.

ആലുവ നഗരസഭയിലെ പകുതി വാർഡുകളും പിന്നീട് മുഴുവനായും രണ്ടാഴ്ച മുൻപ് കണ്ടെയ്ൻമെന്റ്‌ സോണാക്കിയിരുന്നു. ഇതോടൊപ്പം, കീഴ്‌മാട് പഞ്ചായത്തും കണ്ടെയ്ൻമെന്റ് സോണായി.

ചൂർണിക്കര പഞ്ചായത്തും പൂർണമായി കണ്ടെയ്‌ൻമെന്റ് സോണാക്കിയിരുന്നു. മറ്റ് പഞ്ചായത്തുകളിൽ ചില വാർഡുകൾ മാത്രമാണ് കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റിയിരുന്നത്.

എന്നാൽ ഈ മേഖലകളിലെല്ലാം അത്യാവശ്യമുള്ളവർ പുറത്തിറങ്ങിയിരുന്നു. കീഴ്‌മാടും ആലുവയിലും പ്രധാന റോഡുകളിലൂടെ, പ്രദേശത്തെ കണ്ടെയ്‌ൻമെന്റ് സോണിലുള്ളവർക്ക് ഗതാഗതവും നടത്താൻ കഴിയുമായിരുന്നു. പലച്ചരക്ക് സാധനങ്ങൾ വാങ്ങാനും മരുന്നുകൾ വാങ്ങാനുമെന്ന പേരിലാണ് ജനം നേരത്തെ പുറത്തിറങ്ങിയത്.

കർഫ്യൂ പ്രഖ്യപിച്ചതോടെ കടകളുടെ സമയം 10 മുതൽ ഉച്ചയ്ക്ക്‌ രണ്ടുമണി വരെയാക്കി. ആ സമയത്ത് കടകളിൽ പോകാൻ ആളുകൾ എത്തിയിരുന്നു. എന്നാൽ, അതിനുശേഷം നഗരവും ഗ്രാമവും പൂർണമായും നിശ്ചലമായി.

ആലുവയിലേക്ക്‌ കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ ഒന്നും സർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി. ബസുകൾ മാറമ്പള്ളിയിൽ സർവീസ് അവസാനിപ്പിച്ചു. സ്വകാര്യ ബസുകൾ നാലാം മൈൽ വരെയേ ഓടിയുള്ളൂ.

ആശുപത്രികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും 24 മണിക്കൂറും പ്രവർത്തിക്കാനുള്ള അനുമതി ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്.

പ്രതിരോധം, ദുരന്തനിവാരണം, എൽ.പി.ജി., ബാങ്ക്, വില്ലേജ്, താലൂക്ക് ഓഫീസുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾക്ക്‌ യാത്രാ അനുമതിയുണ്ട്.

ആലുവയിൽ ബാങ്കുകൾ പകുതി ജീവനക്കാരുമായി 10 മുതൽ ഉച്ചയ്ക്ക്‌ രണ്ടുവരെ തുറന്ന് പ്രവർത്തിച്ചു. പക്ഷേ, പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചില്ല. പോസ്റ്റോഫീസുകളും തുറന്നെങ്കിലും പൊതുജനങ്ങളെ അനുവദിക്കിച്ചില്ല.

ഫലം നെഗറ്റീവ്; പോലീസ് ഉദ്യോഗസ്ഥർ ജോലിക്കെത്തി

: എടത്തല പോലീസ് സ്റ്റേഷനിൽ നിന്ന് ക്വാറന്റീനിൽ പോയ സി.ഐ പി.ജെ. നോബിളും 13 പോലീസുകാരും കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ തിരികെ ജോലിയിൽ പ്രവേശിച്ചു. കീഴ്‌മാടുള്ള മദ്ധ്യവയസ്കന് മരണത്തിന് ശേഷം കോവിഡ് സ്ഥിതീകരിച്ചിരുന്നു. ജൂലായ്‌ 17-നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനും ദിവസങ്ങൾക്ക് മുൻപ് ഇയാൾ കുടുംബപ്രശ്നം തീർക്കാൻ എടത്തല സ്റ്റേഷനിൽ എത്തുകയും ചെയ്തിരുന്നു. മരണപ്പെട്ടയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് 14 പോലീസുകാരും സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയും ക്വാറന്റീനിൽ പോയത്. വ്യാഴാഴ്ച തിരികെയെത്തിയ സി.ഐ പി.ജെ. നോബിൾ പോലീസിന്റെ കർഫ്യൂ റൂട്ട് മാർച്ചിൽ പങ്കെടുത്തു.

വാർഡുതല മോണിറ്ററിങ് കമ്മിറ്റികൾ വേണം

: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാർഡുതല മോണിറ്ററിങ് കമ്മിറ്റികൾ സജീവമാക്കണമെന്ന് നഗരസഭാ കൗൺസിലർ സെബി വി. ബാസ്റ്റ്യൻ ആവശ്യപ്പെട്ടു. നഗരസഭയോ ഉത്തരാവാദപ്പെട്ടവരോ നഗരവാസികളായ കോവിഡ് രോഗികളുടെ കൃത്യമായ വിവരം നൽകുന്നില്ല. പലപ്പോഴും കോവിഡ് പോസിറ്റീവാണെന്ന് രോഗികൾ അറിയിക്കുമ്പോഴാണ് വാർഡംഗങ്ങൾ പോലും ഈ കാര്യം അറിയുന്നത്. കൃത്യമായ വിവരം അറിയിക്കാത്തത് മൂലം രോഗിക്കും വീട്ടുകാർക്കും ക്വാറന്റീൻ പോലുള്ള സൗകര്യം ഒരുക്കാൻ കഴിയാതെ വരുന്നുണ്ട്.

പരിശോധന വേഗം നടത്തണം-എം.എൽ.എ.

: കർഫ്യൂ പ്രദേശങ്ങളിൽ ആക്ടീവ് സർവൈലൻസ് നടത്തുകയും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തവരുമായി പ്രാഥമിക സമ്പർക്കത്തിലുള്ളവരുടെ കോവിഡ് പരിശോധന എത്രയും വേഗം നടത്തണമെന്ന് അൻവർ സാദത്ത് എം.എൽ.എ. ആവശ്യപ്പെട്ടു. പരിശോധന നടത്തിയവർ ഫലം വരുന്നത് വരെയോ ആരോഗ്യ പ്രവർത്തകരുടെ അനുവാദം ഇല്ലാതെയോ വീട്ടിൽനിന്ന് ഇറങ്ങുകയോ മറ്റുള്ളവരുമായോ വീട്ടിലുള്ളവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യരുതെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.

ഇളവുകൾ ഉള്ളവർക്ക് ‌ യാത്ര ചെയ്യാം

:കർഫ്യൂവിൽ ഉൾപ്പെടുന്ന മേഖലകളിലേക്കുള്ള അതിർത്തികൾ പോലീസ് അടച്ചിട്ടുണ്ട്. ഇളവുകൾ അനുവദിച്ചിട്ടുള്ളവരെ മാത്രമേ അകത്തേക്കും പുറത്തേക്കും കടത്തിവിടൂവെന്ന് എസ്.പി കെ. കാർത്തിക് അറിയിച്ചു. കൃത്യമായ രേഖകളില്ലാതെയോ മതിയായ രേഖകളില്ലാതെയോ പുറത്തിറങ്ങുന്നവരെ കസ്റ്റഡിയിലെടുക്കും. വാഹനങ്ങളും പിടിച്ചെടുക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

ജനങ്ങളെ വിവരങ്ങൾ അറിയിക്കാൻ പോലീസ് മൈക്രോഫോണിലൂടെ അനൗൺസ്‌മെന്റ് നടത്തുന്നുണ്ട്. റൂറൽ പോലീസിന്റെ മറ്റു പ്രവർത്തനങ്ങൾക്ക് അത്യാവശ്യമുള്ള പോലീസുകാരെ ഒഴിച്ച് ബാക്കിയുള്ളവരെയെല്ലാം കർഫ്യൂ മേഖലയിൽ വിന്യസിക്കുകയാണ്. പ്രധാന റോഡുകളിലും ഇടറോഡുകളിലും പോലീസ് സാന്നിധ്യമുണ്ടാകും.