ആലുവ : കർഫ്യൂ ഏർപ്പെടുത്തിയ ആലുവ-കീഴ്‌മാട് ക്ലസ്റ്ററിൽ രോഗശമനമില്ല. വ്യാഴാഴ്ച 43 രോഗികളാണ് ക്ലസ്റ്ററിൽനിന്ന് പുതുതായി കണ്ടെത്തിയത്. ഇതിൽ 18 പേർ പുരുഷൻമാരും ബാക്കിയുള്ളവർ സ്ത്രീകളുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് കീഴ്‌മാട് പഞ്ചായത്തിലാണ് -12 പേർ. കരുമാല്ലൂർ പഞ്ചായത്തിൽ ഒറ്റയാൾക്ക് പോലും പുതുതായി രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിൽ ഉള്ള ആകെ രോഗികളിൽ പകുതിയോളം പേർ ആലുവ-കീഴ്‌മാട് ക്ലസ്റ്ററിൽ നിന്നായത് പ്രദേശത്തെ കൂടുതൽ അപകടകരമായ സ്ഥിതിയില്ലെത്തിച്ചിട്ടുണ്ട്.

43 പേരിൽ ഒരാൾക്കൊഴികെ ബാക്കിയെല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. കീഴ്‌മാടിൽ രോഗം ബാധിച്ച രണ്ടുപേർ എസ്.ഡി. കോൺവെന്റിലെ അന്തേവാസികളാണ്.

രോഗികളുടെ എണ്ണം കൂടിയതോടെയാണ് ആലുവ-കീഴ്‌മാട് ക്ലസ്റ്റർ രൂപവത്‌കരിച്ച് കർഫ്യൂ പ്രഖ്യാപിക്കേണ്ടിവന്നത്. ആലുവ നഗരസഭയും സമീപത്തെ ഏഴ് പഞ്ചായത്തുകളുമാണ് ക്ലസ്റ്ററിലുള്ളത്.