ആലുവ : ആലുവ ലാർജ് ക്ലസ്റ്ററാക്കിയതിന് പിന്നിൽ രോഗികളുടെ എണ്ണംകൂട്ടിയത്‌ നാല് സ്ഥലങ്ങളാണ്. ഇതിൽ രണ്ടെണ്ണം ആലുവ നഗരസഭയിലും രണ്ടെണ്ണം കീഴ്‌മാട് പഞ്ചായത്തിലുമാണ്. ആലുവ മാർക്കറ്റാണ് ഇതിൽ ഏറ്റവും അപകടകരമായ ക്ലസ്റ്റർ.

ആലുവ പച്ചക്കറി മാർക്കറ്റിലെ കോവിഡ് നിയന്ത്രണം പാലിക്കാത്ത കച്ചവടം രോഗം വലിയരീതിയിൽ വ്യാപിക്കുന്നതിന് കാരണമായി. ലോക്ക്ഡൗണിന്റെ തുടക്കത്തിൽ പാലിച്ച ജാഗ്രത പതിയെ കൈവിട്ടതോടെയാണ് മാർക്കറ്റ് കോവിഡ് കേന്ദ്രമായത്. നഗരസഭ വേണ്ടത്ര കരുതൽ ഈ കാര്യത്തിൽ കാണിച്ചില്ലെന്ന് പല കോണുകളിൽ നിന്നും ആരോപണം ഉയർന്നു. മാർക്കറ്റിന്റെ നിയന്ത്രണം അവിടത്തെ കച്ചവടക്കാർക്കിടയിൽ ധന ഇടപാടുകൾ നടത്തുന്നവർ കൈയടക്കിയെന്നാണ് പ്രധാന ആരോപണം. നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പലതവണ നഗരസഭാ അധികൃതർ നേരിട്ടെത്തി കച്ചവടക്കാരോട് അഭ്യർത്ഥിച്ചെങ്കിലും ചെവിക്കൊണ്ടില്ല.

ഏറെ നിർബന്ധത്തിന് വഴങ്ങി മാർക്കറ്റിൽ നിയന്ത്രണങ്ങൾ നടപ്പാക്കിയെങ്കിലും വൈകിപ്പോയിരുന്നു. ഉളിയന്നൂർ സ്വദേശിയായ മാർക്കറ്റിലെ ഓട്ടോറിക്ഷാ ഡ്രൈവർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ, പത്തിലേറെ ചുമട്ടുതൊഴിലാളികൾക്കും അര ഡസനോളം നഗരസഭാ കണ്ടിൻജൻസി ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. മിക്കവാറും ആളുകളുടെ വീട്ടിലുള്ള ബന്ധുക്കളും രോഗബാധിതരായി. ആലുവ നഗരസഭയിലെ താമസക്കാർക്ക് മാത്രമല്ല. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് ആലുവ മാർക്കറ്റിലെത്തിയവർക്കും രോഗം പിടിപെട്ടു.

റെയിൽവേ സ്റ്റേഷന് മുൻപിലെ ബസ് ടിക്കറ്റ് കൗണ്ടറാണ് രോഗവ്യാപനമുണ്ടാക്കിയ മറ്റൊരിടം. ഇതിന് തൊട്ടടുത്ത് ചായക്കട നടത്തുന്ന വയോധികന് രോഗം പിടിപ്പെട്ടിരുന്നു. റെയിൽവേ സ്റ്റേഷനിലെ കോവിഡ് ബാധിച്ചവരിൽനിന്ന് സമീപ പഞ്ചായത്തുകളിലെ 20 ഓളം പേർക്ക് രോഗം പകർന്നു. നിയമം ലംഘിച്ച് കുട്ടമശ്ശേരിയിൽ നടത്തിയ വളയിടൽ ചടങ്ങ് കീഴ്‌മാടിലെ രോഗികളുടെ എണ്ണം വർധിപ്പിച്ചു. നൂറോളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്. നിർമാണ കരാറുകാരന് കോവിഡാണെന്ന് തെളിഞ്ഞതോടെ നൂറുകണക്കിന് പേർ നിരീക്ഷണത്തിൽപ്പോയി. വളയിടൽ ചടങ്ങിലൂടെ 25 ഓളം പേർ രോഗബാധിതരായി.

ചുണങ്ങംവേലി എസ്.ഡി. സിസ്റ്റേഴ്‌സിന്റെ കോൺവെന്റിൽ 24 കന്യാസ്ത്രീകൾക്ക് കോവിഡ് പോസിറ്റീവായി. ഇവരുടെ കുഴുപ്പിള്ളിയിലുള്ള മഠത്തിൽ ഒരു സിസ്റ്റർ കോവിഡ് ബാധിച്ച് മരിച്ചു. ഈ നാല് സ്ഥലങ്ങളിലും അതുമായി ബന്ധപ്പെട്ടും നൂറിലധികം പേർക്കാണ് രോഗമുണ്ടായത്.