ആലുവ: ശിവരാത്രിയാഘോഷത്തിന് ആലുവ മണപ്പുറത്ത് ഒരുക്കങ്ങൾ ആരംഭിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമുള്ള ഹരിത ശിവരാത്രിയാണ് ഇക്കുറിയും. ഫെബ്രുവരി 21-നാണ് ശിവരാത്രി. പെരിയാറിന്റെ തീരത്ത് ബലിതർപ്പണം നടത്തുന്ന ഭാഗങ്ങളിൽ ഭൂരിഭാഗം ഇടങ്ങളിലും ബാരിക്കേഡുകൾ തീർത്തിട്ടുണ്ട്. മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിലും ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കും. 20 ബയോ ടോയ്‌ലെറ്റുകളും ആറ് ചുക്കുവെള്ള കൗണ്ടറുകളും ആവശ്യത്തിന് വേസ്റ്റ് ബിന്നുകളും ശിവരാത്രി നാളിൽ ദേവസ്വം ബോർഡ് സ്ഥാപിക്കും. ബലിതർപ്പണത്തിന് 75 രൂപയാണ് ഈടാക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ 150-ഓളം ബലിത്തറകളുടെ ലേലം ഘട്ടം ഘട്ടമായി നടന്നുവരികയാണ്.

പെരിയാറിനക്കരെ ആലുവ അദ്വൈതാശ്രമത്തിലും ബലിതർപ്പണം നടത്താനുള്ള സൗകര്യമുണ്ടാകും. ശിവരാത്രി നാളിൽ കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസുകളും പ്രത്യേക സർവീസ് നടത്തും. ആലുവയിൽ നിർത്താത്ത ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കും. ആലുവ നഗരസഭ നേതൃത്വം നൽകുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാരോത്സവത്തിനും ശിവരാത്രി നാളിൽ തുടക്കമാകും. അമ്യൂസ്‌മെന്റ് പാർക്കുകളും നൂറുകണക്കിന് വ്യാപാര സ്റ്റാളുകളും ഉണ്ടാകും. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നൽകുന്ന ബലിത്തറകളുടെ ലേലത്തിന്റെ തുടർച്ച തിങ്കളാഴ്ച നടക്കും.