ആലുവ: ആലുവയിൽ ആയുർവേദ പഠനത്തിനെത്തിയ ഫ്രഞ്ച്‌ പൗരൻമാരായ യുവതിയും യുവാവും പെരിയാറിന്റെ തീരത്ത് ഹൈന്ദവ ആചാരപ്രകാരം വിവാഹിതരായി. പാരീസിൽ ആയുർവേദ സ്ഥാപനം നടത്തുന്ന ഫാബിയാൻ കൊറേച്ചും ആയുർവേദ വിദ്യാർഥി സാമിയയുമാണ് ആലുവയിലെ ആയുർവേദ സ്ഥാപനത്തിലൊരുക്കിയ കതിർമണ്ഡപത്തിൽ പുടവ കൈമാറി ഒന്നായത്.

20 വർഷം മുമ്പ് കേരളത്തിലെത്തി ആയുർവേദത്തെ കുറിച്ച് പഠിച്ച്, പാരീസിൽ ആയുർവേദ ചികിത്സ നടത്തുന്നയാളാണ് ഫാബിയാൻ. ആയുർവേദത്തെ കുറിച്ച് പഠനം നടത്താനെത്തിയതായിരുന്നു സാമിയ. ഇരുവരും പരിചയപ്പെട്ട് ഇഷ്ടംതോന്നിയതോടെ ഒന്നാകാൻ തീരുമാനിച്ചു. കേരളത്തെ അടുത്തറിയുന്ന ഫാബിയാന് കേരളത്തിൽത്തന്നെ വിവാഹം നടത്തണമെന്ന് നിർബന്ധമുണ്ടായിരുന്നു. ഹൈന്ദവാചാരത്തിലുള്ള ചടങ്ങിനാണ് ഇരുവരും കേരളം തിരഞ്ഞെടുത്തത്.

കേരളീയ വേഷത്തിൽ അണിയിച്ചൊരുക്കിയ ഇരുവരേയും താലപ്പൊലിയേന്തിയ പെൺകുട്ടികൾ കതിർമണ്ഡപത്തിലേക്ക് വരവേറ്റു. നിറപറയും നിലവിളക്കുകളും സാക്ഷിയാക്കി ഇരുവരും സിന്ദൂരം ചാർത്തി താലികെട്ടി. വിവാഹച്ചടങ്ങുകളെ കുറിച്ച് ഫാബിയാൻ ‘അടിപൊളി’ എന്ന് മലയാളത്തിൽ പറയാനും മറന്നില്ല.

‘സാരഥി’ ആയുർവേദ ഹോസ്പിറ്റൽ ഉടമകളായ ഡോ. ലതികയും കെ.പി. സുകുവുമാണ് രക്ഷിതാക്കളുടെ സ്ഥാനത്തുനിന്ന് ചടങ്ങുകൾ നിർവഹിച്ചത്. സുഹൃത്തുക്കളായ കരോലിനയും മേരീസും കസവുസാരി ധരിച്ച് കൂടെയുണ്ടായിരുന്നു.