ആലുവ: കാനയിലൂടെ വൻ തോതിൽ മലിന ജലം ഒഴുകിയെത്തിയതോടെ പെരിയാറിൽ ‘വെളുത്ത പത’ രൂപപ്പെട്ടു. വ്യാഴാഴ്ച രാവിലെ മുതൽ അദ്വൈതാശ്രമത്തിന് സമീപമുള്ള മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപമുള്ള കടവിലാണ് ‘വെളുത്തപത’ കണ്ടത്. മലിനജലം പുഴയിലേക്ക് ഒഴുകി വന്നത് എവിടെനിന്നാണെന്ന് ആലുവ നഗരസഭ അന്വേഷണം തുടങ്ങി.

മലിനജലം ഒഴുകിയെത്തുന്ന സ്ഥലത്ത് നിന്ന് മീറ്ററുകൾ മാറിയാണ് വിശാലകൊച്ചിയിലേക്ക് ഉൾപ്പെടെ ശുദ്ധജല വിതരണത്തിന് വെള്ളമെടുക്കുന്ന ജലശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്നത്. അതിനാൽ പെരിയാറിലേക്കെത്തുന്ന വൻ തോതിലുള്ള മലിനജലം ശുദ്ധീകരണത്തെ പോലും ബാധിക്കുമോയെന്ന ആശങ്കയുണ്ട്.

നഗരത്തിലെ മലിനജലം ഒഴുകി പെരിയാറിൽ പതിക്കുന്ന ഭാഗത്ത് മലിനജലശുദ്ധീകരണ പ്ലാന്റ് നഗരസഭ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, 2018-ലെ പ്രളയത്തിൽ പ്ലാന്റ് തകർന്നതോടെ ഇവിടെ ശുദ്ധീകരണം നടക്കുന്നില്ല. ഇതോടെ മലിനജലം നേരിട്ട് പെരിയാറിലേക്ക് എത്തുകയാണ്. മാലിന്യ ശുദ്ധീകരണ പ്ലാന്റ് പുതിയത് സ്ഥാപിക്കാൻ ഏജൻസികളുമായി നഗരസഭ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.

പെരിയാറിനെ വെള്ള നിറത്തിലാക്കിയാണ് കടവുകളിലേക്ക് മലിനജലം ഒഴുകിയെത്തിയത്. പിന്നീട് പതഞ്ഞ് പൊങ്ങുകയായിരുന്നു. നഗരത്തിലെ ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് മാലിന്യം കാനയിലേക്ക് തള്ളിയിട്ടുണ്ടാകുമെന്നാണ് നിഗമനം. തള്ളിയത് രാസമാലിന്യമാണോ എന്നതടക്കമുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. മാലിന്യം ഒഴുകിയെത്തുന്നത് പുഴയിൽ ചൂണ്ടയിടാൻ വന്നവരാണ് ആദ്യം കണ്ടത്.