ആലുവ: കെ.സി.വൈ.എം. എറണാകുളം-അങ്കമാലി അതിരൂപതയുടെ അറുപതാമത് വാർഷിക ജനറൽ കൗൺസിൽ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്ത മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്തു. അറുപത് വർഷത്തെ യുവജന സംഘടനാ പാരമ്പര്യം അതിരൂപതയ്ക്കും സഭയ്ക്കും അഭിമാനമാണെന്നും പ്രവർത്തനങ്ങളിൽ യുവജനങ്ങൾ ഒരിക്കലും പിറകോട്ട് പോകരുതെന്നും അദ്ദേഹം പറഞ്ഞു.
ചുണങ്ങംവേലി നിവേദിത പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ കെ.സി.വൈ.എം. അതിരൂപത പ്രസിഡന്റ് സൂരജ് ജോൺ പൗലോസ് അധ്യക്ഷത വഹിച്ചു. ‘അറുപതിന്റെ നിറവിൽ കെ.സി.വൈ.എം.’ പഠനശിബിരം മുൻ അതിരൂപത ഡയറക്ടർ ഫാ. ബൈജു വടക്കുംചേരി നിർവഹിച്ചു. കെ.സി.വൈ.എം. പ്രവർത്തകർക്കായുള്ള നേതൃത്വ പരിശീലന സെമിനാർ കോതമംഗലം രൂപത മുൻ കെ.സി.വൈ.എം. പ്രസിഡന്റ് ജെയ്‌സൺ അറയ്ക്കൽ ഉദ്ഘാടനം ചെയ്തു.
എറണാകുളം-അങ്കമാലി അതിരൂപത മുൻ സഹായമെത്രാൻ മാർ തോമസ് ചക്യേത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. അതിരൂപത ഡയറക്ടർ ഫാ. സുരേഷ് മൽപാൻ, അസി. ഡയറക്ടർ ഫാ. മാത്യു തച്ചിൽ, ഭാരവാഹികളായ ജിസ്‌മോൻ ജോൺ, അഖിൽ സണ്ണി, ഡൈമിസ് വാഴക്കാല, ഐസക് വർഗീസ്, ജിസ്മി ജിജോ, ജിയ ജെയിംസ്, ജസ്റ്റിൻ, ബവ്‌റിൻ, മുൻ അതിരൂപത പ്രസിഡന്റ് ടിജോ പടയാട്ടിൽ എന്നിവർ സംസാരിച്ചു.