ആലുവ: ജപ്തി ചെയ്ത വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുൻപിൽ ആത്മഹത്യാ ഭീഷണി. ആലുവ ചെമ്പകശ്ശേരി അപ്‌സര അപ്പാർട്ട്‌മെന്റ്‌സ് തോപ്പിൽ നവാസിന്റെ വീട്ടിലായിരുന്നു തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നാടകീയ സംഭവങ്ങൾ.

ജപ്തി നടപടികൾക്കായി പോലീസുമായെത്തിയ സംഘത്തിനു മുൻപിൽ നവാസാണ് ആത്മഹത്യാ ഭീഷണി മുഴക്കി വാതിലടച്ചത്. ’നിങ്ങൾ നാല് ശവപ്പെട്ടി കൊണ്ടുവന്നോളൂ’ എന്നാണ് നവാസ് സംഘത്തോട് പറഞ്ഞത്. ഇതുകേട്ട് പകച്ചുപോയ ഉദ്യോഗസ്ഥ സംഘം വാതിൽ തുറക്കാനുള്ള ശ്രമം നടത്തി. ഒടുവിൽ തൂമ്പ ഉപയോഗിച്ച് വാതിൽ വെട്ടിപ്പൊളിച്ച്‌ വീടിനകത്ത് കടക്കുകയായിരുന്നു. നവാസും കുടുംബവുമാണ് ഇൗ സമയം വീട്ടിലുണ്ടായിരുന്നത്.

ചെമ്പകശ്ശേരിയിൽ തറവാട് വീട് പൊളിച്ച് 2008-ൽ നവാസ് അപ്പാർട്ട്‌മെന്റ് നിർമിച്ചിരുന്നു. ഇതിലൊരു വീട്ടിലാണ് നവാസും കുടുംബവും താമസിച്ചിരുന്നത്. ഈ വീട് ആലുവ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ പണയപ്പെടുത്തി 2015-ൽ 15 ലക്ഷം രൂപ നവാസ് വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ 2017-ൽ ബാങ്ക് വീട് ലേലം ചെയ്ത് വിറ്റു. എടത്തല സ്വദേശി നാദിർഷ ലേലത്തിൽ വീട് വാങ്ങി. എന്നാൽ, ലേലം ചെയ്യുന്നതിനു മുൻപ് വീട് ഒഴിപ്പിച്ചിരുന്നില്ല. നവാസ് തുടർന്നും വീട്ടിൽത്തന്നെ താമസിച്ചു വരികയായിരുന്നു. ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാതെ വീട് ലേലം ചെയ്തതിനെ തുടർന്ന് നവാസ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് വാങ്ങി. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനെയും സമീപിച്ചിരുന്നു.

ഇതിനിടെ, വീടൊഴിയണമെന്നാവശ്യപ്പെട്ട് വീട് വാങ്ങിയ നാദിർഷയും കോടതിയിൽ കേസ് ഫയൽ ചെയ്തു. നാദിർഷയ്ക്ക് അനുകൂല വിധി ലഭിച്ചതോടെ ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥർ രണ്ടുതവണ ചെമ്പകശ്ശേരിയിലെ വീട്ടിലെത്തി. കോടതി നിയോഗിച്ച കമ്മിഷൻ സിബി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘവും ആലുവ അർബൻ ബാങ്ക് ഉദ്യോഗസ്ഥരും ആലുവ പോലീസും തിങ്കളാഴ്ച വീണ്ടും വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യാ ഭീഷണിയുണ്ടായത്. കൗൺസിലർ മിനി ബൈജുവും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് നവാസിന്റെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിൽ വീട് വാങ്ങിയ നാദിർഷയ്ക്ക് പണം നൽകി വീട് തിരിച്ചെടുക്കാമെന്ന ഉറപ്പിൻമേൽ പ്രശ്നം താത്കാലികമായി പരിഹരിച്ചു.