ആലുവ: സ്ത്രീകളും കുട്ടികളും വയോധികരുമടക്കം ദിനംപ്രതി ആയിരത്തിലധികം പേരെത്തുന്ന ആലുവ ജില്ലാ ആശുപത്രിയിൽ വേണ്ടത്ര സുരക്ഷാ സൗകര്യങ്ങളില്ല. കഞ്ചാവ്-മയക്കുമരുന്ന് ലഹരിക്ക്‌ അടിമപ്പെടുന്നവർ അതിൽനിന്ന് മുക്തി നേടുന്നതിനായുള്ള ചികിത്സയ്ക്ക് എത്തുന്നത് മറ്റു രോഗികൾക്കൊപ്പമാണ്.

ലഹരിമരുന്ന് ഉപയോഗിച്ച്, മാനസികനില തെറ്റിയവരാണ് മുക്തികേന്ദ്രത്തിൽ എത്തുന്നവരിൽ അധികവും. മറ്റ് രോഗികൾക്കൊപ്പം ഇവർ ഇടപഴകുന്നത് സുരക്ഷാ ഭീഷണിയാണെങ്കിലും ആശുപത്രി അധികൃതർ അതൊന്നും കാര്യമായി എടുത്തിട്ടില്ല.

ദിവസവും 31 പേരാണ് ഇവിടെ ചികിത്സയ്ക്കെന്ന പേരിൽ എത്തുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പലരും.

ലഹരിമരുന്നിന് അടിമപ്പെട്ടവർക്ക് ജില്ലാ ആശുപത്രിയിലെ ലഹരിവിമോചന കേന്ദ്രത്തിൽനിന്ന്‌ ‘ബുപ്രിനോർഫിൻ’ മരുന്നാണ് നൽകുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം രണ്ട് മില്ലിഗ്രാം മുതൽ നാല് മില്ലിഗ്രാം വരെയാണ് ഈ മരുന്ന് നൽകുന്നത്. മരുന്ന് കൂടുതൽ നൽകാനാവശ്യപ്പെട്ട് ഇവിടെ ജീവനക്കാർക്കു നേരേ െെകയേറ്റ ശ്രമം പതിവാണ്. സൗജന്യമായി ലഭിക്കുന്ന ഈ മയക്കുമരുന്ന്, ലഹരി ഉപയോഗം കുറച്ചുകൊണ്ടുവരാനാണ് നൽകുന്നത്. എന്നാൽ, ഇത് ലഹരിയായിത്തന്നെ ഉപയോഗിക്കാനായി വാങ്ങുന്നവരാണ് അധികവും. ചിലർ ഈ മരുന്ന് മറിച്ചുവിറ്റ് പണം സമ്പാദിക്കും.

ലഹരിമാഫിയ സംഘത്തിലുള്ളവർ ഈ മരുന്ന് ഉപയോഗിക്കുന്നത് മറ്റൊരുവിധത്തിലാണ്. ദ്രാവക രൂപത്തിലാക്കിയ ശേഷം സിറിഞ്ചിലുടെ ഞരമ്പിൽ കയറ്റിയാണ് ഇത്തരം മരുന്നുകൾ ഇവർ ഉപയോഗിക്കുന്നത്. കൂടുതൽ ഉന്മാദാവസ്ഥ ലഭിക്കുമെന്നതിനാൽ, ഇങ്ങനെ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.

കുത്തേറ്റ പ്രതികളും ഇതേ രീതിയിൽ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് ഇഞ്ചക്ഷൻ ചെയ്തശേഷം ആശുപത്രി പരിസരത്ത് തങ്ങുമ്പോഴാണ് മണികണ്ഠനെ കാണുന്നത്. ഉന്മാദലഹരിയിൽ മണികണ്ഠനുമായുണ്ടായ വാക്കുതർക്കവും മർദന ശ്രമവുമാണ് ഒടുവിൽ കത്തിക്കുത്തിലെത്തുന്നത്.

പോലീസ് എയ്ഡ് പോസ്റ്റ് വേണം

: സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയിൽ എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ആശുപത്രി അധികൃതർ ആരോപിക്കുന്നു. ജില്ലാ കളക്ടറോടുവരെ പരാതിപ്പെട്ടിരുന്നതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ് പറഞ്ഞു.

താലൂക്ക് ആശുപത്രിയായിരുന്നത്, വർഷങ്ങൾക്കു മുൻപ് ജില്ലാ ആശുപത്രിയായി ഉയർത്തിയിരുന്നു. ജില്ലാ പഞ്ചായത്തിനാണ് ആശുപത്രിയുടെ മേൽനോട്ടം. ഇതോടെ കൂടുതൽ രോഗികൾ എത്താൻ തുടങ്ങിയപ്പോഴാണ്‌ സുരക്ഷയ്ക്കായി പോലീസ് വേണമെന്ന ആവശ്യം ഉയർന്നത്.

വിവിധ യോഗങ്ങളിലും വേദികളിലും ഈ ആവശ്യം ഉന്നയിച്ചു. എന്നാൽ, ആവശ്യത്തിന് പോലീസുകാരില്ലെന്ന ന്യായം പറഞ്ഞ്, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് തടസ്സം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് അടിയന്തരമായി സ്ഥാപിക്കണമെന്ന് സി.പി.എം. ആലുവ ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയ ആവശ്യപ്പെട്ടു.