ആലുവ: ആലുവയിൽ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് റെയിൽവേ ബോർഡ് മീറ്റിങിൽ ആവശ്യം ഉന്നയിക്കുമെന്ന് ബെന്നി ബഹനാൻ എം.പി പറഞ്ഞു. സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ ആലുവയിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ എം.പി.ക്ക് നിവേദനം നൽകി. മുസ്ലിം ലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റും യു.ഡി.എഫ്. മണ്ഡലം കൺവീനറുമായ എം.കെ.എ. ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം നൽകിയത്. നിവേദക സംഘത്തിന് മറുപടി നൽകുകയായിരുന്നു എം.പി. ഇടുക്കി ജില്ലയുടെ റെയിൽവേ കവാടവും എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ ജനങ്ങളുടെ റെയിൽവേ യാത്രകൾക്കുള്ള പ്രധാന ആശ്രയ കേന്ദ്രവുമാണ് ആലുവ റെയിൽവേ സ്റ്റേഷനെന്ന് നിവേദനത്തിൽ പറയുന്നു. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ യാത്രക്കാർക്ക് രാത്രിയെന്നോ പകലെന്നോ ഭയപ്പെടാതെ ആലുവ വഴി ട്രെയിൻ യാത്ര ചെയ്യാൻ സൗകര്യവുമുണ്ട്. ഏറ്റവും കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾ വന്നെത്തുന്നതും തിരികെ പോകുന്നതുമായ ഒരു സ്റ്റേഷൻ കൂടിയാണ് ആലുവ. എന്നാൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തത് മൂലം യാത്രക്കാർ ബുദ്ധിമുട്ടുകയാണെന്ന് നിവദേകസംഘം ചൂണ്ടിക്കാട്ടി. സംഘത്തിൽ നിയോജക മണ്ഡലം സെക്രട്ടറി പി.എ. താഹിർ, പി.കെ.എ. ജബ്ബാർ, എം.എസ്. ഹാഷിം, സെയ്തു കുഞ്ഞ് പുറയാർ, അക്‌സർ മുട്ടം, ഹുസൈൻ കുന്നുകര, നസീർ കൊടികുത്തുമല, സുഫീർ ഹുസൈൻ എന്നിവരുണ്ടായിരുന്നു.