ആലുവ: വലിയൊരു പ്രളയമുണ്ടായതിന്റെ ഒന്നാം വാർഷിക ദിനത്തിൽ പെരിയാറിൽ വീണ്ടും ജലനിരപ്പ് ഉയരുന്നതുകണ്ട് തീരദേശവാസികൾ ആശങ്കയിൽ. കഴിഞ്ഞദിവസമുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം ബുധനാഴ്ച വീണ്ടും ജലനിരപ്പ് ഉയരുകയായിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ ലഭിച്ച വലിയ മഴയാണ് പെരിയാറിലെ ജലനിരപ്പ് ഉയരാൻ കാരണമായത്. ബുധനാഴ്ച രാവിലെ മുതൽ ജലനിരപ്പ് ഉയരുകയായിരുന്നു.
ആലുവ ശിവരാത്രി മണപ്പുറം വെള്ളത്തിൽ മുങ്ങി. ശിവക്ഷേത്രത്തിലും വെള്ളംകയറി. ഭഗവാന്റെ സ്വയംഭൂ വിഗ്രഹം മുങ്ങാത്തതിനാൽ ഇത്തവണ ആറാട്ട് നടന്നില്ല. സമുദ്രനിരപ്പിൽനിന്ന് 2.20 മീറ്റർ ഉയരത്തിലാണ് ബുധനാഴ്ച വെള്ളംപൊങ്ങിയത്. ദിവസങ്ങൾക്ക് മുൻപുണ്ടായ വെള്ളപ്പൊക്കത്തിൽ സമുദ്രനിരപ്പിൽ നിന്ന് 5.25 മീറ്റർ ഉയരത്തിൽ വരെ വെള്ളം ഉയർന്നിരുന്നു. ഈ സമയത്ത് സമീപവാസികൾ വീട്ടുപകരണങ്ങളെല്ലാം ഉയരത്തിലാക്കിവെച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും ചെയ്തിരുന്നു.
കഴിഞ്ഞവർഷം ഇതേ ദിവസമാണ് പെരിയാർ കരകവിഞ്ഞ് ഒഴുകാൻ ആരംഭിച്ചത്. തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും പെരിയാർ അതിർത്തികൾ ഭേദിച്ച് കരയിലൂടെ ഒഴുകി.
ബുധനാഴ്ച പെരിയാറിൽനിന്ന് ശുദ്ധീകരിച്ച് വിതരണം ചെയ്യാനെടുക്കുന്ന വെള്ളത്തിലെ ചെളിയുടെ അംശത്തിൽ കുറവുണ്ടെന്ന് ജല അതോറിറ്റി അധികൃതർ വ്യക്തമാക്കി. അളവ് 35 എൻ.ടി.യു.വാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മഴക്കാലത്ത് ചെളി ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. 490 എൻ.ടി.യു.വായിരുന്നു അന്ന് ചെളിയുടെ അളവ്.