ആലുവ: പഞ്ചസാരയോടൊപ്പം ഫെവിക്കോളും വാർണിഷ് അടക്കമുള്ള രാസവസ്തുക്കളും ചേർത്ത് വ്യാജ തേനുണ്ടാക്കുന്നവരെ ആലുവയിൽ പോലീസ് പിടികൂടി. ആലുവ ബൈപാസ് മേൽപാലത്തിനടിയിൽ തമ്പടിച്ച നാടോടികളെയാണ് കൃത്രിമ തേൻ നിർമാണത്തിനിടെ നാട്ടുകാർ കണ്ടെത്തി പോലീസിനെ വിവരം അറിയിച്ചത്. ആലുവയിലെ മാർക്കറ്റിൽനിന്ന് ചാക്കുകണക്കിന് പഞ്ചസാര വാങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കള്ളത്തരം കണ്ടെത്തിയത്. തിളപ്പിച്ചെടുത്ത പഞ്ചസാര ലായനിയിലേക്ക് ശർക്കരയും പശമയം ലഭിക്കാൻ ഫെവിക്കോളും ചേർക്കും.

നിറത്തിനായി വാർണിഷും ചേർക്കുന്നതോടെ വ്യാജ തേൻ തയ്യാറാകും. നാടോടി സംഘത്തിലെ സ്ത്രീകളാണ് കൃത്രിമ തേൻ ഉണ്ടാക്കുന്നത്. പുരുഷൻമാർ ഇത് തേനാണെന്നു പറഞ്ഞ് പല സ്ഥലങ്ങളിൽ തമ്പടിച്ച് വില്പന നടത്തും. പോലീസെത്തി പരിശോധിച്ചപ്പോൾ കഞ്ഞിയാണെന്നു പറഞ്ഞ് സ്ത്രീകൾ ആദ്യം തടഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കൃത്രിമ തേനും നിർമാണ വസ്തുകളും കണ്ടെത്തുകയായിരുന്നു. തേൻ വില്പന തടഞ്ഞ പോലീസ് നാടോടി സംഘത്തോട് ആലുവ വിട്ടുപോകാൻ നിർദേശം നൽകി.