ആലുവ: ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വയനാട് സ്വദേശി വേലംപറമ്പിൽ രോഹിതിനെയാണ് (22) ആലുവ പറവൂർ കവലയിൽ നിന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. വയനാട് നിന്നാണ് ഇയാൾ കഞ്ചാവുമായി ആലുവയിലെത്തിയത്. ഇടപാടുകാരുടെ ആവശ്യാനുസരണം ബെംഗളൂരുവിൽ നിന്ന് കഞ്ചാവെടുത്ത് വിവിധ ജില്ലകളിൽ വിതരണം ചെയ്യുന്നയാളാണെന്ന് എക്സൈസ് പറഞ്ഞു.
ഇയാളുടെ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രതിയുടെ ഇടപാടുകാരിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോഴിക്കോട് മയക്കുമരുന്ന് കടത്തിയതിന്റെ പേരിൽ രണ്ട് കേസുകളിൽ പ്രതിയാണ്. എക്സൈസ് എൻഫോഴ്സ്മെന്റ് എസ്.ഐ. ടി. ശ്രീരാജ്, രാമപ്രസാദ്, സിദ്ധാർഥ് കുമാർ, സി.എൽ. ജോർജ്, എം.എം. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.