ആലുവ: ദേശീയപാതയില്‍ തോട്ടയ്ക്കാട്ടുകര കവലയ്ക്ക് സമീപം ലോറിമറിഞ്ഞ് അപകടം. ന്യൂസ്പ്രിന്റുമായി ബൈറോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ലോറി റോഡിന്റെ പടിഞ്ഞാറുവശത്തേക്ക് മറിയുകയായിരുന്നു. നിയന്ത്രണംവിട്ട ലോറി വൈദ്യുതിത്തൂണിലിടിച്ചാണ് മറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഏഴുമണിയോടെയായിരുന്നു സംഭവം.
ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നഗരസഭാ കൗണ്‍സിലര്‍ ശ്യാം പത്മനാഭന് ഇയാളെ പിടികൂടി പോലീസിന് കൈമാറി. ഡ്രൈവര്‍ തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശി പള്ളിത്തറ വീട്ടില്‍ ജോയി (50) യാണ് പിടിയിലായത്.
പുലര്‍ച്ചെയായതിനാല്‍ റോഡില്‍ കാര്യമായ വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഉണ്ടായിരുന്നില്ല. പാല്‍വാങ്ങി മടങ്ങുകയായിരുന്ന വാര്‍ഡ് കൗണ്‍സിലറുടെ മുന്നിലാണ് ഡ്രൈവര്‍ ഓടിയെത്തിയത്. മദ്യലഹരിയിലാണെന്ന് വ്യക്തമായതോടെ ആലുവ പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു.
വാഹനമിടിച്ചതോടെ നിരനിരയായി ആറ് വൈദ്യുതിത്തൂണുകളാണ് മറിഞ്ഞത്. ഇതോടെ, ആലുവ വെസ്റ്റ് സെക്ഷന്‍ കീഴില്‍ വൈദ്യുതി തടസ്സവുമുണ്ടായി. വെള്ളിയാഴ്ച വൈകീട്ട് തൂണുകളെല്ലാം മാറ്റി പുതിയത് സ്ഥാപിച്ചശേഷമാണ് വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചത്.
ഡ്രൈവറെ ആലുവ ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. മദ്യം കഴിച്ചതായി സ്ഥിതീകരിച്ചു. നെഞ്ചില്‍ വേദനയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ തുടര്‍ചികിത്സയിലാണ്.