ആലുവ: ആറ് മണിക്കൂർ കൊണ്ട് വീട് കുത്തിത്തുറന്ന് ലോക്കറിലെ ആഭരണവും പണവും കവർന്നതിന് പിന്നിൽ പ്രൊഫഷണൽ സംഘത്തിന്റെ സാന്നിധ്യം പോലീസ് തള്ളിക്കളയുന്നില്ല. പിൻവാതിലിലെ ഇരുമ്പ് ഓടാമ്പൽ ഇളക്കിമാറ്റിയാണ് മോഷണസംഘം അകത്തുകടന്നത്. കിടപ്പ് മുറിയിലാണ് ലോക്കർ സൂക്ഷിച്ചിരുന്നത്. ഇതിന്റെ വാതിലും കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തെത്തിയത്. അലമാരയ്ക്കുള്ളിൽ കോൺക്രീറ്റ് തറയിൽ നട്ടും ബോൾട്ടുമിട്ടാണ് ലോക്കർ സ്ഥാപിച്ചിരുന്നത്. അലമാര തകർത്തശേഷം ലോക്കർ തറയിൽ നിന്ന് ഇളക്കി മാറ്റി.
ലോക്കറിന്റെ വിജാഗിരി ഘടിപ്പിച്ചിരിക്കുന്ന ഭാഗമാണ് മോഷ്ടാക്കൾ തകർത്തിരിക്കുന്നത്. അതിനുള്ളിൽ നിന്ന് വജ്ര ആഭരണങ്ങളും പണവും സ്വർണവുമെല്ലാം കവരുകയായിരുന്നു. ആയുധങ്ങൾ ഉപയോഗിച്ച് വളരെ വേഗത്തിൽ വിദഗ്ധമായാണ് കവർച്ച നടന്നിരിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് മോഷണം നടത്തി അവിടെനിന്ന് മോഷ്ടാക്കൾ രക്ഷപ്പെടുകയും ചെയ്തു.
ഇത് സൂചിപ്പിക്കുന്നത് മോഷണത്തിന് പിന്നിൽ പ്രൊഫഷണൽ സംഘത്തിന്റെ സാന്നിധ്യം തന്നെയാണ്. രണ്ട് കാറുകളാണ് ഈ വീട്ടിലുള്ളത്. വീട്ടുകാർ പുറത്തുപോയത് ടാക്സി വിളിച്ചുമാണ്. കാറുകൾ വീട്ടിൽ ഉണ്ടായിട്ടും വീട്ടിൽ ആരുമില്ലെന്ന് മോഷ്ടാക്കൾ എങ്ങനെ അറിഞ്ഞുവെന്നത് പോലീസിനെ കുഴക്കുന്നുണ്ട്. കൃത്യമായ നിരീക്ഷണം ഇതിന് പിന്നിൽ ഉണ്ടായെന്നാണ് പോലീസ് കരുതുന്നത്.