ആലുവ: ഞാറയ്ക്കൽ, കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന എ.ടി.എം. കവർച്ചാ കേസുകളിലെ പ്രതികളെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു. പ്രതിമാസ ക്രൈം കോൺഫറൻസിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ആദരിച്ചത്. ഞാറയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പുതുവൈപ്പ് സ്കൂൾ മുറ്റം എസ്.ബി.ഐ. ശാഖാ കെട്ടിടത്തിനോട് ചേർന്നുള്ള എ.ടി.എം. കൗണ്ടറിൽ ജൂൺ 29-ാം തീയതിയാണ് മോഷണശ്രമം നടന്നത്.
കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രാമപുരം കവലയ്ക്കടുത്ത് എം.സി. റോഡിലെ എ.ടി.എം. കൗണ്ടറിൽ ജൂൺ 23-ാം തീയതിയും മോഷണം നടന്നിരുന്നു. പോലീസ് ഉദ്യോഗസ്ഥരായ എ.എസ്.ഐ. ജോജി സൌബാസ്റ്റ്യൻ, എം.കെ. ഷംസുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മാത്യു എം. ജേക്കബ്, പ്രവീൺ കുമാർ, ജോർജ് ടി. ജേക്കബ്, സി.കെ. മനോജ്, സി.പി.ഒ.മാരായ പി.വി. ശിവദാസ്, എ.വി. വിനു, എം.എസ്. മിറാഷ്, പി.ഡി. പ്രവീൺദാസ്, ടി.എം. നാർഷോൺ, ഹോം ഗാർഡ് എൻ.കെ. സോമൻ എന്നിവരെയാണ് ആദരിച്ചത്.