ആലുവ: ‘ഫ്രഞ്ച് ഫ്രൈയ്‌സ്’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന 105 ഡയസാപാം ഐ.പി. മയക്കുമരുന്ന് ഗുളികകളുമായി ആലുവ ചുണങ്ങംവേലി ഒസാരി വീട്ടിൽ അബ്ദുൾ റഷീദ് (34) പിടിയിലായി. ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമാണ് പിടികൂടിയത്. ശസ്ത്രക്രിയയ്ക്കും മറ്റും മുൻപ് മയക്കം നൽകുന്നതിനും അമിതമായ ഭയം, ഉത്കണ്ഠ പോലുള്ള മാനസിക വിഭ്രാന്തിയുള്ളവർക്ക് സമാശ്വാസത്തിനായും പ്രത്യേക കുറിപ്പടിയിലൂടെ നൽകുന്നവയാണ് ഇത്തരം ഗുളികകൾ.

കൊച്ചിയിലെ ചില റിസോർട്ടുകളിൽ നടക്കുന്ന ‘റേവ് പാർട്ടി’കൾക്കു വേണ്ടി മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ അബ്ദുൾ റഷീദെന്ന് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപി പറഞ്ഞു. ആലുവയിലെ മയക്കുമരുന്ന് മാഫിയയുടെ വേരറുക്കുക എന്ന ഉദ്ദേശ്യത്തോടെ ഡെപ്യൂട്ടി കമ്മിഷണർ കെ. ചന്ദ്രപാലൻ രൂപപ്പെടുത്തിയ ‘ഓപ്പറേഷൻ മൺസൂൺ’ ഷാഡോ സംഘം നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് പ്രതി പിടിയിലായത്.

സംഘത്തിലെ പ്രധാനികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. െബംഗളൂരുവിൽ താമസമാക്കിയ ഒരു വിദേശിയിൽനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നാണ് സൂചന.

കഞ്ചാവു പോലുള്ള നാടൻ മയക്കുമരുന്നുകൾ ഇത്തരം പാർട്ടികളിൽ ആരും ഉപയോഗിക്കാറില്ലെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. ഏജന്റിന് മയക്കുമരുന്ന് കൈമാറാൻ ആലുവയ്ക്കടുത്ത് ചൂണ്ടിയിൽ നിൽക്കുമ്പോഴാണ് ഇയാൾ ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘത്തിന്റെ പിടിയിലാകുന്നത്.

ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ വാസുദേവൻ, ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സിയാദ്, നീതു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.