ആലുവ: നിർധന രോഗികൾക്കായി നടപ്പിലാക്കിയ ‘കാരുണ്യ’ പദ്ധതി പിൻവലിച്ച നടപടി ജനദ്രോഹമെന്നാരോപിച്ച് കേരള കോൺഗ്രസ് (ജേക്കബ്) ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. സർക്കാർ ഉത്തരവ് കത്തിച്ചാണ് പ്രതിഷേധം നടത്തിയത്. തുടർന്ന് നടന്ന പ്രതിഷേധയോഗം പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതിയംഗം ഡൊമിനിക് കാവുങ്കൽ ഉദ്ഘാടനം ചെയ്തു.
2011 - 12 കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കിയ കാരുണ്യ പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപയുടെ സഹായമാണ്, ആരെയും ആശ്രയിക്കാതെ പാവപ്പെട്ടവർക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഈ പദ്ധതി അട്ടിമറിച്ച നടപടികൾ പിൻവലിക്കണമെന്നും കാരുണ്യ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് തുടർന്നും ചികിത്സാ സഹായം ഉറപ്പാക്കണമെന്നും കേരള കോൺഗ്രസ് (ജേക്കബ്) സർക്കാരിനോട് ആവശ്യപ്പെട്ടു.
ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് സിജു തോമസ് അധ്യക്ഷത വഹിച്ചു. യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറയ്ക്കൽ, ജിബു ആന്റണി, സന്തോഷ് ജോൺ, ടി.കെ. രതീഷ്, എന്നിവർ സംസാരിച്ചു.