ആലുവ: ചൂർണിക്കര പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പെരിയാറിന്റെ കൈവഴിയായ ഇടമുളപ്പുഴയ്ക്ക് കുറുകെ അനധികൃതമായി സ്വകാര്യവ്യക്തി നിർമിച്ച പാലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണ്ടും പൊളിച്ചുനീക്കി. ഒരുമാസം മുമ്പും സമാനമായ രീതിയിൽ യൂത്ത് കോൺഗ്രസുകാർ പാലം പൊളിച്ചെങ്കിലും വീണ്ടും പാലം നിർമിക്കുകയായിരുന്നു.
പഴയ ഒരു കോടതി ഉത്തരവിന്റെ മറവിൽ പാലത്തിന് നിയമപരമായ പരിരക്ഷ ഉറപ്പാക്കാനായിരുന്നു കൈയേറ്റക്കാരന്റെ ശ്രമം. നേരത്തെ പാലത്തിനെതിരേ ഡി.വൈ.എഫ്.ഐ. രംഗത്ത് വന്നിരുന്നെങ്കിലും ഇപ്പോൾ സജീവമല്ല. ഗ്രാമപ്പഞ്ചായത്തിന്റെയോ മേജർ ഇറിഗേഷൻ വകുപ്പിന്റെയോ അനുമതി ഇല്ലാതെയാണ് പുഴയുടെ ഇരുഭാഗങ്ങളിലായി കിടക്കുന്ന പറമ്പിലേക്ക് പുഴയ്ക്കുകുറകെ പാലം പണിതത്.
റിവർ മാനേജ്മെന്റ് നിയമങ്ങളും മാനദണ്ഡങ്ങളും തെറ്റിച്ചാണ് പാലം പണിതിട്ടുള്ളതെന്നാണ് ആരോപണം. പാലത്തിന് അടിയിലൂടെ വഞ്ചികൾക്കോ ബോട്ടുകൾക്കോ പോകാൻ പറ്റില്ല.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വില്യം ആലത്തറ, നസീർ ചൂർണിക്കര, ലിനേഷ് വർഗീസ്, രാജേഷ് പുത്തനങ്ങാടി, ബിനോയ്, ഷഹനാസ് മുട്ടം, അമൽ അശോകപുരം, അനസ് മുട്ടം, അമൽ ഡോണക്, സാഹിൽ എന്നിവർ ചേർന്നാണ് പാലം വീണ്ടും പൊളിച്ചത്.