ആലുവ: അവധിക്കാലത്ത് നീന്തൽ പരിശീലനം പൂർത്തിയാക്കിയ 98 കുട്ടികൾ പെരിയാർ നീന്തിക്കടന്നു. ഏപ്രിൽ-മേയ് മാസങ്ങളിൽ നീന്തൽ പരിശീലനം നേടിയ 712 കുട്ടികളിൽ 98 പേരാണ് പെരിയാർ മുറിച്ചുകടന്നത്.

ശിവക്ഷേത്ര കടവ്‌ മുതൽ മണപ്പുറം കടവ് വരെ 300 മീറ്ററാണ് ഇവർ പെരിയാറിന് കുറുകെ നീന്തിയത്. മുൻ വർഷങ്ങളിൽ അദ്വൈതാശ്രമം മുതൽ മണപ്പുറം വരെ 600 മീറ്ററാണ് നീന്തിയിരുന്നത്.

ചെങ്ങമനാട് സരസ്വതി വിദ്യാനികേതൻ സ്കൂളിലെ യു.കെ.ജി. വിദ്യാർഥിയായ ആറുവയസ്സുകാരി സ്വാതി കൃഷ്ണയാണ് കൂട്ടത്തിൽ പ്രായം കുറഞ്ഞ കുട്ടി. ആലുവ തുരുത്ത് പാർവതി നിവാസിൽ ജയപ്രകാശ്‌-പാർവതി ദമ്പതിമാരുടെ മകളാണ്.

വാളാശ്ശേരിൽ റിവർ സ്വിമ്മിങ് ക്ലബ്ബിന്റെ സാരഥി സജി വാളാശ്ശേരിൽ കുട്ടികൾക്ക് രണ്ടുമാസം സൗജന്യ പരിശീലനം നൽകിയിരുന്നു. സജിയുടെ നീന്തൽ പരിശീലനത്തിന്റെ പത്താം വാർഷിക സമാപനവും ഇതിനോടൊപ്പം നടന്നു.

ജനുവരി മുതൽ മൂന്നു ഘമാസം മുതിർന്നവർക്കും നീന്തൽ പരിശീലനം നൽകി. 309 പേരിൽ 114 പേർ പെരിയാർ നീന്തിക്കടന്നു. കുട്ടികളും മുതിർന്നവരുമായി കഴിഞ്ഞ 10 വർഷംകൊണ്ട് സജി വാളശ്ശേരിൽ 2970 പേരെ നീന്തൽ പരിശീലിപ്പിച്ചു. അതിൽ 736 പേർ പെരിയാർ കുറുകെ നീന്തിക്കടന്നു.

രാവിലെ 8.15-ന് അൻവർ സാദത്ത് എം.എൽ.എ. കുട്ടികളുടെ നീന്തൽ ഫ്ലാഗ്ഓഫ് ചെയ്തു. അരമണിക്കൂറിനകം കുട്ടികൾ മണപ്പുറം കടവിൽ നീന്തിയെത്തി. നഗരസഭാ ചെയർപേഴ്‌സൺ ലിസി എബ്രഹാം കുട്ടികളെ സ്വീകരിച്ചു.

പരിശീലനം പൂർത്തിയാക്കിയ നീന്തൽപരിപാടി ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രതിനിധികൾ നേരിട്ട് പരിശോധിച്ചു. സ്പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ശ്രീനിജൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ആലുവ മുൻസിപ്പൽ കൗൺസിലർമാരായ എ.സി. സന്തോഷ്‌കുമാർ, എം.ടി. ജേക്കബ്, ദേശാഭിവർധിനി സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം. സഹീർ എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.