ആലുവ: മിനി സിവിൽ സ്റ്റേഷന് എതിർവശത്തുള്ള വെയർഹൗസ് വളപ്പിൽ തീപ്പിടിത്തമുണ്ടായി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വളപ്പിലെ വലിയ മരത്തിൽ നിന്ന് മതിലിന് പുറത്തേക്ക് പടർന്നിട്ടുള്ള വള്ളിച്ചെടിയിലാണ് ആദ്യം തീ പിടിച്ചത്. തീ ഉടനെ വള്ളിപ്പടർപ്പിലൂടെ ഗോഡൗൺ വളപ്പിലേക്ക് വ്യാപിക്കുകയും പുല്ലിനും കുറ്റിക്കാടിനും തീ പടരുകയും ചെയ്തു.

സമീപത്തെ സഹകരണസംഘം അസി.രജിസ്ട്രാർ ഓഫീസ് വളപ്പിലേക്കും തീ വ്യാപിച്ചു. ഇവിടെ വൈദ്യുതി ലൈനിലും തീപടർന്നു. കൗൺസിലർ സെബി വി. ബാസ്റ്റിന്റെ നേതൃത്വത്തിൽ ആളുകൾ തീ അണയ്ക്കാൻ ശ്രമം ആരംഭിക്കുകയും ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. ഫയർ ഫോഴ്‌സ് ഉടനെയെത്തി തീ പൂർണമായി അണച്ചു.

സൾഫർ അടക്കമുള്ള, കൃഷിക്കാവശ്യമുള്ള രാസവസ്തുക്കളാണ് വെയർഹൗസിലുള്ളത്. തീ ആ ഭാഗത്തേക്ക് പടർന്നിരുന്നെങ്കിൽ വലിയ ദുരന്തത്തിന് ഇടയാകുമായിരുന്നു.