ആലുവ: ശ്രീനാരായണ ഗുരുദേവൻ ഉൾപ്പെടെയുള്ള ഋഷിവര്യന്മാർ ഉപേക്ഷിക്കാൻ പറഞ്ഞതിനെ സമൂഹം പിന്തുടരുന്ന പ്രവണയാണ് നിലനിൽക്കുന്നതെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. ആലുവ അദ്വൈതാശ്രമം സംഘടിപ്പിച്ച ദ്വിദിന ശ്രീനാരായണ ധർമവിചാരസത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാര അനുഷ്ഠാനങ്ങൾക്ക് മാത്രമാണ് ഇന്ന് സമൂഹം കൂടുതൽ പ്രാധാന്യം നൽകുന്നത്. അറിവില്ലായ്മ മൂലം സാധാരണ ജനങ്ങൾ ശ്രീനാരായണ ദർശനങ്ങളിൽ നിന്നും അകന്ന് പോകുകയാണ്.

എസ്.എൻ.ഡി.പി. യോഗം അസി. സെക്രട്ടറി സ്വാമി കെ.എസ്. സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി. യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, അദ്വൈതാശ്രമം ഭക്തജന സമിതി ചെയർമാൻ പവിത്രൻ സംഗമിത്ര, ജനറൽ കൺവീനർ എം.വി. മനോഹരൻ, ജയന്തൻ ശാന്തി, നാരായണ ഋഷി എന്നിവർ സംസാരിച്ചു. രാവിലെ സ്വാമി ശിവസ്വരൂപാനന്ദ പതാക ഉയർത്തി.

തുടർന്ന് വിവിധ വിഷയങ്ങളിൽ സ്വാമി ശിവസ്വരൂപാനന്ദ (തിരുക്കുറൽ), സ്വാമി ധർമചൈതന്യ (ഗുരുഷഡ്കം), എ.വി. അശോകൻ (ഗുരുദേവന്റെ അതീന്ദ്രിയ സിദ്ധികൾ) എന്നിവർ ക്ലാസെടുത്തു.

ഞായറാഴ്ച രാവിലെ 9.30-ന് ക്ലാസുകൾ ആരംഭിക്കും. സ്വാമി ആദ്ധ്യാത്മാനന്ദ (ഗുരുവിന്റെ സാന്ത്വനം), സ്വാമി ശാരദാനന്ദ (നവരത്നമഞ്ജരി), സ്വാമി നന്ദാത്മജാനന്ദ (ജനനീ നവരത്നമഞ്ജരി) എന്നിവർ ക്ലാസെടുക്കും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം എസ്.എൻ.ഡി.പി. യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യും. മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദ അധ്യക്ഷത വഹിക്കും. അദ്വൈതാശ്രമം ഭക്തജന സമിതി ചെയർമാൻ പവിത്രൻ സംഗമിത്ര, പി.എൻ. മധുസൂദനൻ, ജ്യോതിസ് പറവൂർ, പി.എസ്. സിനീഷ്, കെ.കെ. മോഹനൻ എന്നിവർ സംസാരിക്കും. അഞ്ഞൂറോളം പേർ സത്രത്തിൽ പങ്കെടുക്കുന്നുണ്ട്.