ആലുവ: വാളശ്ശേരി റിവർ സ്വിമ്മിങ് ക്ലബ്ബിന്റെ കുട്ടികൾക്കുള്ള സൗജന്യ നീന്തൽ പരിശീലനം മണപ്പുറം കടവിൽ ആരംഭിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിൽ ദിവസവും മൂന്ന് ബാച്ചുകളിലായി 900 കുട്ടികളെയാണ് പരിശീലിപ്പിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസ്, ലൈഫ് ജാക്കറ്റുകൾ, ബോട്ട് തുടങ്ങിയ സംവിധാനങ്ങളോടെയാണ് പരിശീലനം.

പുഴയിൽ കയറും ട്യൂബും ഉപയോഗിച്ച് പ്രത്യേക സ്ഥലവും പരിശീലനത്തിനായി ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ 6.45 മുതൽ 7.30 വരെയും 8.15 മുതൽ ഒമ്പതുവരെയുമാണ് പരിശീലനം. പരിശീലകൻ സജി വാളശ്ശേരിയിലിന്റെ നേതൃത്വത്തിൽ സൗജന്യമായാണ് നീന്തൽ പഠിപ്പിക്കുന്നത്. കഴിഞ്ഞ ഒൻപത് വർഷമായി നീന്തൽ പരിശീലന മേഖലയിൽ സജീവമാണ് സജി വാളശ്ശേരിയിൽ.

കുട്ടികളും മുതിർന്നവരുമായി ഇതുവരെ 2,250 പേരെ നീന്തൽ പരിശീലിപ്പിച്ചു. സർക്കാർ ജീവനക്കാരും ചലച്ചിത്ര താരങ്ങളും തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ സജിയുടെ കീഴിൽ നീന്തൽ പരിശീലിക്കാൻ എത്തിയിട്ടുണ്ട്. ആലുവ നഗരസഭാ കൗൺസിലർ എ.സി. സന്തോഷ്‌കുമാറാണ് ഈ വർഷത്തെ നീന്തൽ പരിശീലനം ഫ്ലാഗ് ഓഫ് ചെയ്തത്.