ആലുവ: നഗരത്തിലെ ഹോട്ടലുകളിൽനിന്ന് ചീഞ്ഞതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ പിടികൂടി. റെയിൽവേ സ്‌റ്റേഷൻ, പുളിഞ്ചോട്, തോട്ടക്കാട്ടുകര മേഖലകളിലാണ് പരിശോധന നടന്നത്. പത്ത്‌ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് വിവിധതരം ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. പിടിച്ചെടുത്തവയിൽ ഒരു ഹോട്ടലിലെ ഇറച്ചിക്കറിയിൽ നിന്ന് പാറ്റകളെയും കണ്ടെത്തി. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന കറിയുടെ പാത്രം തുറന്നപ്പോളാണ് നിരവധി പാറ്റകളെ കണ്ടത്. ഫ്രീസറുകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷണസാധങ്ങൾ പുറത്തെടുത്ത് കുറച്ച് സമയം കഴിഞ്ഞപ്പോൾതന്നെ ദുർഗന്ധം വന്നുതുടങ്ങി. വെള്ളിയാഴ്ച പുലർച്ചെ 5.30-ന് തുടങ്ങിയ പരിശോധന 7.30 വരെ തുടർന്നു.

അലങ്കാർ ഹോട്ടൽ, എവറസ്റ്റ്, ബാംബിനോ, സീലാന്റ്, മിൻഹ റെസ്‌റ്റോറന്റ്, തലശ്ശേരി കിച്ചൺ, അറഫ റെസ്‌റ്റോറന്റ്, സൂരജ് ഹോട്ടൽ, മീൻചട്ടി റെസ്‌റ്റോറന്റ്, ഹോട്ടൽ താജ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധങ്ങൾ പിടികൂടിയത്.

ചോറ്്, പൊറോട്ട, പൊറോട്ടക്ക് തയ്യാറാക്കിയ മാവ്, ചിക്കൻകറി, ബീഫ്കറി, ചെറുകടികൾ, പഴകിയ എണ്ണ തുടങ്ങിയവയാണ് പിടികൂടിയത്. ഹോട്ടലുകളിൽ നിന്ന് പിഴ ഈടാക്കി. കുറ്റം ആവർത്തിച്ചവരുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് നഗരസഭ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും. ആലുവ നഗരത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുനിൽ കുമാർ, ഗോപകുമാർ, വിനോദ്, നൗഫിയ, സീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.