ആലുവ: ആലുവയിലെ പഴക്കംചെന്ന കോടതിക്കെട്ടിടം പൊളിച്ചുമാറ്റി പുതിയ സമുച്ചയം നിർമിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ് ബിൽഡിങ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രാഥമിക പരിശോധനകൾ ആരംഭിച്ചത്. നിലവിൽ മൂന്ന് കോടതിയാണ് ആലുവയിലുള്ളത്. അവ പൊളിച്ചുനീക്കി എട്ട് കോടതികൾ ഉള്ള സമുച്ചയമാണ് ഇവിടെ ഉയരുക. എട്ട് കോടതികളിലെ മജിസ്‌ട്രേറ്റുമാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്‌സുകളും ഇതിനോടൊപ്പം നിർമിക്കും. ഫ്ലാറ്റ് രൂപത്തിലാണ് ക്വാർട്ടേഴ്‌സുകൾ നിർമിക്കുക. 85 സെന്റ് സ്ഥലത്താണ് ആലുവ മജിസ്‌ട്രേറ്റ് കോടതി സ്ഥിതിചെയ്യുന്നത്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടം ശോചനീയാവസ്ഥയിലാണ്. സ്ഥലപരിമിതിയുള്ള കെട്ടിടമായതിനാൽ കൂടുതൽ കോടതികളും തുടങ്ങാൻ കഴിയില്ല. പുതിയ സമുച്ചയം വരുന്നതോടെ കൂടുതൽ കോടതികൾ വരികയും കേസുകൾ വേഗത്തിൽ തീർപ്പാവുകയും ചെയ്യും.
പുതിയ കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയ ശേഷം മജിസ്‌ട്രേറ്റ് കോടതി, ജില്ലാ കോടതി, ഹൈക്കോടതി എന്നിവരുടെ അനുമതി വാങ്ങും. തുടർന്ന് സർക്കാരിന് സമർപ്പിച്ച് നിർമാണം ആരംഭിക്കും. അൻവർ സാദത്ത് എം.എൽ.എ., പൊതുമരാമത്ത് വകുപ്പ് ബിൽഡിങ്‌സ് ഇടപ്പള്ളി ഓഫീസിലെ എക്സിക്യുട്ടീവ് എൻജിനീയർ സുജ സൂസൺ മാത്യു, സീനിയർ ആർക്കിടെക്ട് ചാന്ദ്നി ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.