ആലുവ: പ്രളയത്തിൽ ആലുവ മേഖലയിൽ നശിച്ചത് ഏഴായിരത്തിലധികം വൈദ്യുതി മീറ്ററുകൾ. വെസ്റ്റ്, നോർത്ത്, ടൗൺ സെക്ഷൻ ഓഫീസുകളിലായാണ് ഇത്രയധികം നഷ്ടമുണ്ടായത്. ഇതിന് പുറമെ പോസ്റ്റുകൾ, കമ്പികൾ, ട്രാൻസ്‌ഫോർമറുകൾ തുടങ്ങിയവയും നശിച്ചു. ഒരു കോടി രൂപയിലധികം നഷ്ടമാണ് ഉണ്ടായത്. കൂടുതൽ നാശനഷ്ടം വെസ്റ്റ് സെഷനിലാണ്. രണ്ടായിരത്തോളം മീറ്ററുകളാണ് നശിച്ചത്. ആലുവ നഗരത്തിലെ തോട്ടയ്ക്കാട്ടുകര പ്രദേശം, കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങൾ എന്നിവയാണ് വെസ്റ്റ് സെഷന് കീഴിൽ വരുന്നത്. മണപ്പുറത്ത് സ്ഥിതി ചെയ്യുന്ന സെഷൻ ഓഫീസും പ്രളയത്തിൽ മുങ്ങിയിരുന്നു. ഇവിടെയുണ്ടായിരുന്ന നിരവധി പുതിയ മീറ്ററുകൾ നശിച്ചു. ഫയലുകൾക്കും മറ്റ് വസ്തുക്കൾക്കും നാശമുണ്ടായി. മണപ്പുറത്ത് മാത്രം അമ്പതിലധികം ഇരുമ്പ് പോസ്റ്റുകൾ നശിച്ചു. അഞ്ച് കിലോമീറ്റർ കമ്പി, 40 സോഡിയം ലൈറ്റുകൾ, അൻപതോളം ട്യൂബ് സെറ്റുകൾ എന്നിവയും നശിച്ചു.
ശിവരാത്രി ആഘോഷങ്ങൾക്ക് ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കുന്ന തറയും അനുബന്ധ വസ്തുക്കളും നശിച്ചു. മണപ്പുറത്തിന് പുറമെ സെഷൻ പരിധിയിൽ പത്ത് ഇരുമ്പ് പോസ്റ്റുകൾ, നാൽപതോളം കോൺക്രീറ്റ് പോസ്റ്റുകൾ, നാല് കിലോമീറ്റർ കമ്പി, മൂന്ന് ട്രാൻസ്‌ഫോർമറുകൾ എന്നിവയും നശിച്ചു.
നോർത്ത് സെഷനിലും രണ്ടായിരത്തോളം മീറ്ററുകൾ മാറ്റേണ്ടിവന്നു. ആലുവ നഗരത്തിൽ റെയിൽവേ സ്‌റ്റേഷന് പടിഞ്ഞാറ്് വശം, ചൂർണിക്കര, എടത്തല, കളമശ്ശേരി നഗരസഭ എന്നിവയുടെ ഭാഗിക പ്രദേശങ്ങൾ തുടങ്ങിയവയാണ് ഈ സെഷന് കീഴിൽ വരുന്നത്. നാല് ട്രാൻസ്‌ഫോർമറുകളാണ് മാറ്റേണ്ടിവന്നത്. നാല് എൽ.ടി. പോസ്റ്റുകളും നിരവധി എച്ച്.ടി. പോസ്റ്റുകളും നശിച്ചിരുന്നു.
2,700 മീറ്ററുകളാണ് ടൗൺ സെഷനിൽ നശിച്ചത്. ആറ്് ട്രാൻസ്‌ഫോർമർ നശിച്ചു. 25 പോസ്റ്റുകളും രണ്ട് കിലോമീറ്റർ കമ്പിയും നഷ്ടമായി. നഗരസഭയുടെ ചില പ്രദേശങ്ങൾ, കീഴ്മാട് പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശം, ചൂർണിക്കര, എടത്തല പഞ്ചായത്തുകളുടെ ഭാഗിക പ്രദേശങ്ങൾ, പ്രളയം മുക്കിയ തുരുത്ത് ദ്വീപ് എന്നിവയാണ് ഈ സെഷനിൽ വരുന്നത്.