ആലുവ: കേരളത്തിന്റെ പരമ്പരാഗത വിളനടീൽ ഉത്സവമായ തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി ചൂർണിക്കരയിൽ നടത്തുന്ന കാർഷികമേള ഞായറാഴ്ച ആരംഭിക്കും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന മേള ചൊവ്വാഴ്ച സമാപിക്കും. ഫലവൃക്ഷത്തൈകൾ, പച്ചക്കറിത്തൈകൾ, കുറിയ ഇനം തെങ്ങിൻതൈകൾ ഉൾപ്പെടെയുള്ള കാർഷികവിളകൾ എന്നിവ ലഭ്യമാക്കി ക്കൊണ്ടാണ് ഫെസ്റ്റ് നടത്തുന്നത്. ചൂർണിക്കര പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന മേള ചൂർണിക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് നടത്തുന്നത്.

കഴിഞ്ഞ നാലുവർഷമായി നടത്തിവരുന്ന ഈ മേളയിൽ കൃഷിവകുപ്പിന്റെ കീഴിലുള്ള നേര്യമംഗലം ജില്ലാ കൃഷിത്തോട്ടം, വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ, ആലുവ, ഒക്കൽ എന്നിവിടങ്ങളിലെ സംസ്ഥാന വിത്തുത്‌പാദന കേന്ദ്രങ്ങൾ, മരട് കോക്കനട്ട് നഴ്‌സറി, കാർഷിക സർവകലാശാല, ചൂർണിക്കര അഗ്രോ സർവീസ് സെന്റർ എന്നീ സ്ഥാപനങ്ങളിൽനിന്നുള്ള അത്യുത്‌പാദനശേഷിയുള്ള വിവിധയിനം തൈകളുടെയും ജൈവ രോഗകീടനാശിനികളുടെയും വിപുലമായ ശേഖരമാണ് ഉള്ളത്. സാധാരണ വീടുകളിലേക്ക് ആവശ്യമായ കറിവേപ്പ്, പപ്പായ, ചെറുനാരകം, ഇരുമ്പൻപുളി തുടങ്ങിയ വിവിധയിനം ഫലവൃക്ഷത്തൈകൾ സർക്കാർ ഫാമുകളിൽനിന്ന്‌ സർക്കാർ നിരക്കിൽ കർഷകരുടെ കൈകളിലേക്ക് എത്തിക്കുകയാണ് ഞാറ്റുവേല ഫെസ്റ്റിലൂടെ.

തൈകൾ നടുന്നതിന് ഏറ്റവും അനുയോജ്യമായ തിരുവാതിര ഞാറ്റുവേല സമയംതന്നെ എത്തിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.

മാവിന്റെ പ്രധാന ഇനങ്ങളായ ബംഗനപ്പിള്ളി, അൽഫോൻസോ, നീലം, പ്രിയൂർ, സിന്ദൂരം ജഹാംഗീർ കൂടാതെ മലേഷ്യൻ ഫലങ്ങളായ മാങ്കോസ്റ്റിൻ, റംബൂട്ടാൻ, ഫിലോസാൻ, ദുരിയാൻ ഉൾപ്പെടെ ആറോളം ഇനങ്ങളും ടിഷ്യു കൾച്ചർ വാഴയിനങ്ങളായ നേന്ത്രൻ, ഗ്രാന്റ് നെയിൻ എന്നിവയും വീട്ടുവളപ്പിലെ മട്ടുപ്പാവിലും ഗ്രോബാഗുകളിൽ വയ്ക്കാവുന്ന കൃഷിക്കാവശ്യമായ പച്ചക്കറിത്തൈകളും വിത്തുകളും ജൈവവളവും മേളയിലുണ്ടാവും.

തെങ്ങുകൃഷി വികസനത്തിനായി കുറിയ ഇനം തൈകളായ ചാവക്കാട് കുറിയ പച്ച, ചാവക്കാട് കുറിയ ഓറഞ്ച്, മലയൻ കുറിയ പച്ച, മലയൻ കുറിയ മഞ്ഞ, കുറ്റ്യാടി എന്നീ ഇനങ്ങളിൽപ്പെട്ട തെങ്ങിൻ തൈകളുടെ വിപുലമായ ശേഖരമാണ് മറ്റൊരു പ്രത്യേകത.

മേളയോടൊപ്പം സെമിനാറും

ആലുവ: കാർഷികമേളയായ ‘ഞാറ്റുവേല ഫെസ്റ്റി’നോട് അനുബന്ധിച്ച് ആത്മ പദ്ധതിയുടെ ഭാഗമായി ‘കിസാൻ ഘോഷ്ഠി’ കാർഷിക സെമിനാറും നടക്കും. ‘വാഴകൃഷി ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും’ എന്ന വിഷയത്തിലാണ് സെമിനാർ. കാർഷിക സർവകലാശാലയിലെ വിദഗ്ദ്ധർ പരിശീലന ക്ലാസ് നയിക്കും. ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് സെമിനാർ. ജില്ലയിലെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കർഷകർക്ക് സൗജന്യമായി പങ്കെടുക്കാം.

ആലുവ - എറണാകുളം ദേശീയപാതയിൽ കമ്പനിപ്പടി മെട്രോ സ്റ്റേഷനോട് ചേർന്നാണ് ചൂർണിക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ സ്ഥിതിചെയ്യുന്നത്.