കരുമാല്ലൂർ: പെരിയാറിലെ ജലനിരപ്പ് താഴ്ന്ന് ആശങ്കകളൊഴിഞ്ഞതോടെ കരുമാല്ലൂർ പഞ്ചായത്ത് മാഞ്ഞാലി സ്കൂളിലൊരുക്കിയ ക്യാമ്പിൽനിന്നും കുടുംബങ്ങൾ ഒഴിഞ്ഞുപോയി. പഞ്ചായത്തിൽത്തന്നെ ഏറ്റവും കൂടുതൽ പേരെത്തിയ ക്യാമ്പാണിത്. പടിഞ്ഞാറേ മാട്ടുപുറത്തുള്ളവരാണ് ക്യാമ്പിലെത്തിവരിൽ കൂടുതലും. ആ പ്രദേശങ്ങളിലെല്ലാം ശനിയാഴ്ച പുലർച്ചയോടെ ജനവാസമേഖലയിൽനിന്നും വെള്ളമിറങ്ങി. അതോടെ എല്ലാവരും തിരിച്ചുപോകുകയായിരുന്നു.

എന്നാൽ വൈകീട്ട് കടലിൽ വേലിയേറ്റമുണ്ടായതോടെ കുറച്ചുവെള്ളംകയറിവന്നത് ആശങ്കയ്ക്കിടയാക്കി. എങ്കിലും ആരും തിരിച്ച് ക്യാമ്പിലേക്കെത്തിയില്ല. അതേസമയം മനയ്ക്കപ്പടി, തട്ടാംപടി, കോട്ടപ്പുറം എന്നിവിടങ്ങളിലെ ക്യാമ്പുകളിൽനിന്നും ആരുംതന്നെ തിരികെപ്പോയിട്ടില്ല. ആലങ്ങാട് പഞ്ചായത്ത് സംഘടിപ്പിച്ച അഞ്ച് ക്യാമ്പുകളും ഇപ്പോഴും സജീവമാണ്.

പാനായിക്കുളം, കോട്ടപ്പുറം, ഒളനാട്, നീറിക്കോട്, മേത്താനം എന്നിവിടങ്ങളിലാണ് പഞ്ചായത്തിൽ ക്യാമ്പുകളുള്ളത്. പെരിയാറിന്റെ തെക്കേക്കൈവഴിയായ ഏലൂർപുഴവഴി ഇവിടത്തെ താഴ്ന്നപ്രദേശങ്ങളിലെല്ലാം വെള്ളംകയറിവന്നിരിക്കുകയാണ്.