മൂവാറ്റുപുഴ : പട്ടാപ്പകൽ വീടുകളിൽ കയറി കവർച്ച നടത്തുന്ന പെൺനാടോടി സംഘം മൂവാറ്റുപുഴയിൽ എത്തിയതായി സൂചന. കടാതിയിൽ തിങ്കളാഴ്ച വീട്ടിൽ കയറിയ കവർച്ചാ സംഘത്തിലെ സ്ത്രീ പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ പോലീസ് നടത്തിയ വിശദാന്വേഷണത്തിലാണ് ഈ സംശയം ബലപ്പെടുത്തുന്നത്. മൂവാറ്റുപുഴ കടാതി നടുക്കുടിയിൽ ബിജുവിന്റെ വീട്ടിൽ കയറിയ സംഘമാണ് എൽ.എൽ.ബി. വിദ്യാർത്ഥിയായ കൃഷ്ണയെ ആക്രമിച്ചത്. മോഷണം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ കൈകാലുകളിൽ പിടിമുറുക്കി കൃഷ്ണയെ വീഴ്ത്തുകയായിരുന്നു. എന്നാൽ, ആഭരണം കൊണ്ടുപോകാതെ കൃഷ്ണ സംരക്ഷിച്ചു.

വീടിന്റെ പിൻവാതിലിന്റെ പൂട്ട് തകർത്താണ് സംഘം അകത്തുകടന്നത്. ഓൺലൈൻ ക്ലാസിലിരിക്കെ വീട്ടിലെ മുറിയിൽ ആളനക്കം കേട്ടാണ് കൃഷ്ണ അലമാരയിൽ കവർച്ചക്കൊരുങ്ങുന്ന നാടോടി സ്ത്രീയെ കാണുന്നത്. ഹെഡ് ഫോണിലൂടെ ആരോടോ സംസാരിച്ചുകൊണ്ടായിരുന്നു മോഷണ ശ്രമം. ധൈര്യം സംഭരിച്ച് മോഷണം തടഞ്ഞ കൃഷ്ണയെ വീഴ്ത്തി നാടോടി സ്ത്രീ ആഭരണം കവരാൻ ശ്രമം തുടർന്നു. ആഭരണപ്പെട്ടി കൈക്കലാക്കിയ കൃഷ്ണ അത് വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഒപ്പം ഉറക്കെ ശബ്ദമുണ്ടാക്കിയതോടെ അവർ കൈയിൽ കിട്ടിയ പണവുമായി കടന്നു. കൃഷ്ണ വിവരം അറിയിച്ചതോടെ ഉടൻ പോലീസ് സംഘമെത്തി പരിശോധന നടത്തി. പെൺകുട്ടിയുടെ മൊഴി കൂടാതെ സാധ്യമായ സി.സി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

വീട്ടിൽ നിന്ന് നാടോടി സംഘത്തിന്റേതായി കണ്ടെത്തിയ സഹായ അഭ്യർത്ഥനാ കാർഡ് പ്രധാന സൂചനയാണ്. ബിജുവിന്റെ വീട്ടിൽ കഴിഞ്ഞ മൂന്നു ദിവസമായി ഈ സംഘം എത്തിയിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞ ദിവസം മുകളിലത്തെ നിലയുടെ വാതിൽ പുറത്തുനിന്ന് കുറ്റിയിട്ടത് ശ്രദ്ധയിൽപ്പെട്ടിരുന്നു. രണ്ട് വെള്ള സംഭരണിയുള്ളതിൽ ഒന്നിലെ വെള്ളം ഇതിനു മുന്നെ ഒഴുക്കിക്കളഞ്ഞ നിലയിലും കണ്ടെത്തി.

എന്നാൽ ഇതൊന്നും അത്ര ഗൗരവമായി പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസവും വീട്ടിലെ വളർത്തുനായ പകൽനേരം ഉച്ചത്തിൽ കുരച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച നായ ശബ്ദം ഉണ്ടാക്കിയിരുന്നില്ല.

നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സമാനമായ രീതിയിലുള്ള ആൾ സംഘങ്ങൾ ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന പോലീസ് ഇൻസ്‌പെക്ടർ മാർട്ടിൻ പറഞ്ഞു. ഇത്തരം സംഘങ്ങൾ കവർച്ചക്കെത്തുമ്പോൾ പ്രത്യേക സ്ഥലങ്ങളിൽ കാത്തു നിൽക്കുന്നവരും സന്ദേശങ്ങൾ നല്കുന്നവരും ഉണ്ടാകും. കടാതിയിലെ വീടിനു പരിസരത്തോ മറ്റിടങ്ങളിലോ ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കുറുവാ സംഘം എന്നറിയപ്പെടുന്ന മോഷ്ടാക്കൾ കേരളത്തിലെത്തിയെന്ന വാർത്തയ്ക്കു പിന്നാലെയാണ് സംഭവമെന്നത് ഗൗരവം വർധിപ്പിച്ചിട്ടുണ്ട്.

ജാഗ്രത പാലിക്കണം - പോലീസ്

മൂവാറ്റുപുഴ : പട്ടാപ്പകൽ വീട്ടിൽ കവർച്ചാ ശ്രമം നടന്ന സാഹചര്യത്തിൽ ജനങ്ങൾ കരുതിയിരിക്കണമെന്ന് മൂവാറ്റുപുഴ പോലീസ് അറിയിച്ചു. സംശയകരമായ സാഹചര്യത്തിൽ ആളുകളെ കണ്ടാൽ പോലീസിൽ വിവരം അറിയിക്കണം.

പകൽനേരം യാചക വേഷത്തിലും സഹായങ്ങൾ ചോദിച്ചും വരുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം. അടുത്തേക്കു വരാനോ, വീട്ടിൽ പ്രവേശിക്കാനോ അനുവദിക്കരുത്. വാതിലുകൾ ഭദ്രമായി അടച്ചിടണമെന്നും കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് അറിയിച്ചു.ആഭരണം കൈക്കലാക്കാനുള്ള ശ്രമം പെൺകുട്ടി പരാജയപ്പെടുത്തി