നുത്ത പുഞ്ചിരി എപ്പോഴുമുണ്ട് പി. രാജീവിന്റെ മുഖത്ത്. വോട്ട് തേടിയെത്തുന്ന സ്ഥാനാർഥികളുടെ മുഖത്ത് സാധാരണമായ തുറന്ന ചിരിയായി അത് പരിണമിക്കാറില്ല. ഒട്ടും തിരക്കില്ല സംസാരിക്കുമ്പോൾ. വോട്ട് തേടിയുള്ള പര്യടനത്തിൽ മൈക്കിനു മുന്നിലും കത്തിക്കയറുന്ന ആവേശമില്ല. രണ്ടു മാസത്തോളമായി പ്രചാരണത്തിരക്കിലാണ്. ചിട്ടയോടെയുള്ള തയ്യാറെടുപ്പുകളിലൂടെ ആ തിരക്കുകളൊക്കെ മറികടക്കും. ഈ കണിശതയാണ് എറണാകുളം മണ്ഡത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി പി. രാജീവിനെ വ്യത്യസ്തനാക്കുന്നത്. ലോക്‌സഭയിലേക്ക് മത്സരിക്കുന്ന എറ്റവും മികച്ച സ്ഥാനാർഥിയാണ് രാജീവെന്ന് എതിരാളികളും കൈയടിച്ച് അംഗീകരിക്കുന്ന മിടുക്കുണ്ട് രാജീവിന്.

വെള്ളിയാഴ്ച പുലർച്ചെ കൊച്ചി സർവകലാശാല കാമ്പസിനു സമീപമുള്ള രാജീവിന്റെ വീടായ ‘കിളിക്കൂടിൽ’ എത്തുമ്പോൾ നല്ല തിരക്കുണ്ടായിരുന്നു. 7.15-ന് പര്യടനത്തിനായി ഇറങ്ങേണ്ടതാണ്. പുലർെച്ച മുതൽ ഒട്ടേറെപ്പേർ കാണാനെത്തി. കൂനമ്മാവിലെ സ്പെഷ്യൽ സ്കൂളിൽ നിന്നുള്ള കന്യാസ്ത്രീകളാണ് ആദ്യം എത്തിയത്. സ്പെഷ്യൽ സ്കൂളിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട് രാജീവ്.

സിസ്റ്റർമാർക്കു പുറമേ മറ്റ് കുറെ പേരുണ്ടായിരുന്നു. പാലാരിവട്ടത്തുനിന്ന് വിജയനെത്തിയത് മകൾ ശരണ്യയുടെ വിവാഹത്തിന് രാജീവിനെ ക്ഷണിക്കാനായിരുന്നു. നല്ല ചുവന്ന നിറമായിരുന്നു വിവാഹ ക്ഷണക്കത്തിന്.

പൊതുപ്രവർത്തനം സ്വന്തം തിരഞ്ഞെടുപ്പായിരുന്നു

ഗൃഹപാഠങ്ങൾ കൃത്യമായി ചെയ്യുന്ന മികച്ച വിദ്യാർഥിയായിരുന്നു രാജീവ്. എസ്.എസ്.എൽ.സി. 80 ശതമാനം മാർക്കോടെയാണ് വിജയിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു പ്രീഡിഗ്രി പഠനം. ഇതിനുശേഷം കളമശ്ശേരി പോളിടെക്‌നിക്കിൽ കെമിക്കൽ എൻജിനീയറിങ്ങിന് ചേർന്നു. അവിടെവെച്ചാണ് പൊതുപ്രവർത്തനത്തെ ഗൗരവത്തോടെ കണ്ടു തുടങ്ങുന്നത്. മികച്ച നിലയിൽ കെമിക്കൽ എൻജിനീയറിങ്‌ പാസായ രാജീവിനായി ഡിപ്പാർട്ട്‌മെന്റ് തലവനായ സുബ്രഹ്മണ്യം സാർ വിദേശത്ത് അന്ന് ഒരു ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലിക്കുള്ള വഴിതുറന്നു നൽകിയതാണ്. പാസ്പോർട്ടും എടുത്തു. പക്ഷെ രാജീവ് പോയില്ല.

ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കേണ്ടവനാണ് താനെന്ന് രാജീവ് അന്നേ നിശ്ചയിച്ചു. പിന്നീട് സാമ്പത്തിക ശാസ്ത്രത്തിലേക്കും നിയമ പഠനത്തിലേക്കുമൊക്കെ തിരിഞ്ഞത് പൊതുപ്രവർത്തനമാണ് തന്റെ മേഖലയെന്ന തിരിച്ചറിവിൽ നിന്നായിരുന്നു.

ജൈവ സമ്പന്നമാണ് പര്യടനം...

വീട്ടിൽനിന്ന് ഇറങ്ങുന്നതിനു മുൻപേ ചൂടിനെ ചെറുക്കാനുള്ള കരുതലുകൾ ഭാര്യ ഡോ. വാണി കേസരി വാഹനത്തിലേക്ക് കൈമാറിയിരുന്നു. പേരയില ഇട്ട് തിളപ്പിച്ച വെള്ളവും വിവിധ പഴങ്ങളും കുക്കുമ്പറും. പോണേക്കരയിലായിരുന്നു പര്യടനത്തിന്റെ തുടക്കം. കവി ബാലചന്ദ്രൻ ചുള്ളിക്കാടായിരുന്നു ഉദ്ഘാടകൻ.

ഹരിതമയമാണ് ഒാരോ സ്വീകരണ വേദിയും. രാജീവ് സഞ്ചരിക്കുന്ന തുറന്ന വാഹനം പോലും ഹരിതാഭമാണ്. വെർട്ടിക്കൽ ഗാർഡൻ വരെ ഒരുക്കിയിട്ടുണ്ട് ഈ തുറന്ന വാഹനത്തിൽ. ചെടികളും പൂക്കളുമൊക്കെയുള്ള വാഹനത്തിൽ വോട്ട് തേടിയെത്തുന്ന ഏക സ്ഥാനാർഥിയാകും രാജീവ്.

സ്വീകരണ വേദികളിൽ പ്രവർത്തകർ എത്തുന്നതും ജൈവ ഉത്‌പന്നങ്ങളുമായാണ്. ചക്കയും ചീരയും മാങ്ങയും വാഴക്കുലയും മത്തങ്ങയും തണ്ണിമത്തനും... ജൈവമായത് എന്തും സ്ഥാനാർഥിയെ സ്വീകരിക്കാൻ കൊണ്ടുവരാം. പര്യടന വഴിയിൽ ചിലയിടത്ത് കരിമീനുമായി കാത്തിരിക്കുന്നവരെയും കാണാമായിരുന്നു. ജൈവ ജീവിതം എന്ന സന്ദേശവുമായി ജില്ലയിലാകെ തരിശുപാടങ്ങളിൽ കൃഷിയിറക്കിയും പച്ചക്കറികൃഷി തുടങ്ങിയും മാതൃക സൃഷ്ടിച്ച രാജീവിന് പരിസ്ഥിതിയെ മറന്നൊരു ജീവിതമില്ല. ‘കിളിക്കൂടെന്ന’ സ്വന്തം വീടിന്റെ ചുമർ മണ്ണും ടാറും കലർന്ന മിശ്രിതം കൊണ്ട് തേച്ചൊരുക്കിയതിൽ പോലും പരിസ്ഥിതിയോട് ഇണങ്ങിയ ജീവിതത്തിന്റെ ജാഗ്രതയുണ്ട്.

‘നമ്മളാണ്; ഞാൻ മാത്രമല്ല’

തൃക്കാക്കര ബി.എം.സി. ജങ്‌ഷനിൽ പി. രാജേന്ദ്രൻ എന്ന കലാകാരൻ ഓട്ടൻതുള്ളലിലൂടെ സമകാലീന രാഷ്ട്രീയ സംഭവങ്ങളെയൊക്കെ വിമർശിച്ച് രാജീവിന്റെ വരവിനായി കാത്തിരിക്കുന്നവരെ രസിപ്പിക്കുകയാണ്. മോദിക്കു നേരെയാണ് വിമർശന ശരങ്ങളൊക്കെയും. ഓട്ടൻതുള്ളലിൽ രസിച്ചിരിക്കുന്നവർക്കായി പ്രവർത്തകർ തണ്ണിമത്തൻ ജ്യൂസും വിതരണം ചെയ്തു. ഇതിനിടയിലേക്കാണ് രാജീവ് കടന്നുവരുന്നത്.

സമീപത്തെ കടയുടെ ഓരത്ത് പ്രവർത്തകർക്കിടയിൽനിന്നാണ് രാജീവ് സംസാരിച്ചത്. എട്ടു മിനിറ്റിൽ താഴെയാണ് പ്രസംഗം. ഇത്തവണ നമ്മൾക്കുള്ളതാണ്, നമ്മളാണ് ഞാൻ മാത്രമല്ല. ഞാൻ മാത്രമല്ല മത്സരിക്കുന്നത്... നമ്മൾ ഒന്നിച്ചാണ് മത്സരിക്കുന്നത്... ഒന്നിച്ചാണ് ജയിക്കേണ്ടത്... രാജീവ് സ്വീകരണ വേദിയിൽ ആവർത്തിക്കുന്ന വാചകങ്ങളാണിവ. നിങ്ങൾ എന്നെ തിരഞ്ഞെടുത്ത് അയച്ചാൽ നിങ്ങൾക്ക് വീട്ടിൽ സ്വസ്ഥമായി കിടന്നുറങ്ങാം. രാജ്യത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ നിങ്ങൾക്കായി ഞാൻ പാർലമെന്റിൽ കണ്ണിമ ചിമ്മാതെ കാത്തിരിക്കും.

ഒന്നിന്റെയും പിന്തുണയില്ലാതെ ഈ വഴിത്താരയിലൂടെ കടന്നുവന്നവനാണ്. ആരുടെയും പിൻബലത്തിലല്ല... ജനങ്ങൾ നൽകിയ കരുത്തിലാണ് കടന്നുവന്നത്... ഐക്യരാഷ്ട്ര സഭയിൽ പോലും സംസാരിച്ചിട്ടുണ്ട്. ജനങ്ങൾക്കിടയിൽ, കുടുംബയോഗങ്ങളിൽ, തെരുവിൽ സംസാരിച്ചതിന്റെ കരുത്തിലാണ് അത് സാധ്യമായത്. ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ നമ്മൾക്ക് ചരിത്രം സൃഷ്ടിക്കാം... രാജീവിന്റെ വാക്കുകളിൽ ആത്മവിശ്വാസമുണ്ട്.

താൻ നേതൃത്വം കൊടുക്കുന്ന ഒട്ടേറെ സേവന പ്രവർത്തനങ്ങളെ ഓർമിപ്പിച്ചുകൊണ്ടാണ് രാജീവ് പ്രസംഗിക്കുന്നത്. അതിലൂടെ രൂപപ്പെടുന്ന പുതിയ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അത് അംഗീകരിക്കപ്പെടുമെന്ന ഉറച്ച വിശ്വാസവും അദ്ദേഹത്തിന്റെ ശരീരഭാഷയിൽ വായിച്ചെടുക്കാം. തൃക്കാക്കര നിയോജകമണ്ഡലത്തിൽ മൂന്നാംഘട്ട പര്യടനത്തിലായിരുന്നു വെള്ളിയാഴ്ച. വൈകീട്ട് വൈറ്റിലയിലാണ് പര്യടനം അവസാനിച്ചത്.