പറവൂർ : വളർന്നുവലുതായി നിൽക്കുന്ന ഈ ആൽമരം അപായസൂചനയാണ്. എന്നാൽ ഇൗ മുന്നറിയിപ്പ് കാണേണ്ടവർ ഉത്തരവാദിത്വം കാണിക്കുന്നില്ല. വടക്കേക്കര പഞ്ചായത്തിലെ മൂത്തകുന്നം തറയിൽകവല തെക്കേ കൊട്ടുവള്ളിക്കാട് റോഡിലാണ് ആൽമരം പ്രദേശവാസികൾക്കും യാത്രികർക്കും ഭീഷണിയുയർത്തുന്നത്. രണ്ടുകരകളുടെ അതിർത്തിയിലുള്ള തോടിനു കുറുകെയുള്ള കലുങ്കിലാണ് ആൽമരം വളർന്നു പന്തലിച്ചിരിക്കുന്നത്. ആൽ വളരാൻ തുടങ്ങിയിട്ട് കുറേ വർഷങ്ങളായി. വേരുകൾ കലുങ്കിന്റെ കോൺക്രീറ്റിലേക്കും തടി കരിങ്കൽ ഭിത്തികളിലേക്കും ഊർന്നിറങ്ങി വിള്ളലുണ്ടായി. കാലപ്പഴക്കത്തിൽ പാലത്തിന്റെ അടിഭാഗത്തെ കമ്പികൾ തുരുമ്പുപിടിച്ചു ദ്രവിച്ച് പുറത്തേക്ക് തള്ളിനിൽക്കുകയാണ്. കലുങ്കിനോടനുബന്ധിച്ചുള്ള റോഡിന്റെ അവസ്ഥയും പരിതാപകരമാണ്. പൊട്ടിപ്പൊളിഞ്ഞ് മെറ്റലുകൾ ഇളകിമാറി വെള്ളം കെട്ടിക്കിടക്കുകയാണ് പലയിടത്തും. ഭാരവാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടന്നുപോകുമ്പോൾ കലുങ്ക് താഴേക്കിരിക്കുമെന്ന ഭയമാണ് നാട്ടുകാർക്ക്.

ഈ പഞ്ചായത്ത് റോഡിന്റെയും കലുങ്കിന്റെയും ദുരവസ്ഥയ്ക്ക് അടിയന്തരപരിഹാരം കാണണമെന്നതാണ് ആവശ്യം. ആൽമരത്തിന്റെ വേരുകൾ ഊർന്നിറങ്ങി കലുങ്കിന്റെ ഭിത്തികൾ ദുർബലാവസ്ഥയിലായിരിക്കുന്നു