ചെറായി : അഭിഭാഷകർ ഏറ്റുമുട്ടാനൊരുങ്ങുന്ന ജില്ലാ പഞ്ചായത്ത് ചെറായി ഡിവിഷനിലെ മത്സരം ശ്രദ്ധേയമാകുകയാണ്. കൂടാതെ, ഒരു എൻജിനീയറും സ്ഥാനാർഥിയാവുമ്പോൾ പ്രൊഫഷണലുകളുടെ അങ്കത്തട്ടാവുകയാണിവിടം.

വിദ്യാർഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ യുവ അഭിഭാഷകയായ എം.ബി. ഷൈനിയാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള അഭിഭാഷകയായ വാണി ഹരിഹരനെയാണ് യു.ഡി.എഫ്. സ്ഥാനാർഥിയാക്കിയിട്ടുള്ളത്. എൻ.ഡി.എ.യാകട്ടെ സിവിൽ എൻജിനീയറായ അമൃത സന്തോഷിനെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. ദേശീയ കബഡി താരവുമാണ് ഈ 22-കാരി.

ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന ഈ സീറ്റ് നിലവിൽ എൽ.ഡി.എഫിന്റേതാണ്. കഴിഞ്ഞ തവണ ജനറൽ സീറ്റായിരുന്ന ഇവിടെ സി.പിഎമ്മിലെ അയ്യമ്പിള്ളി ഭാസ്കരൻ 2644 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ സി.ആർ. സുനിലിനെയാണ് പരാജയപ്പെടുത്തിയത്.

പള്ളിപ്പുറം ഡിവിഷൻ എന്നറിയപ്പെട്ടിരുന്ന ഇവിടം 2010-ലാണ് ചെറായി ഡിവിഷനായത്. ഇതോടെ വാർഡുകളിലും മാറ്റംവന്നു. അക്കുറി യു.ഡി.എഫിലെ വിജയ മോഹൻ വൻ വിജയം നേടുകയും ചെയ്തു. അതിനു തൊട്ടുമുമ്പ് പള്ളിപ്പുറം ഡിവിഷനായിരുന്ന ഇവിടെ 1995-ൽ എൽ.ഡി.എഫിന്റെ എ.എസ്. അരുണയും, 2000-ൽ യു.ഡി.എഫിന്റെ കെ.ആർ. സുഭാഷും 2005-ൽ എൽ.ഡി.എഫിന്റെ അഡ്വ. കെ.വി. എബ്രാഹവുമായിരുന്നു വിജയിച്ചത്.

ഷൈനിയും അമൃതയും ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെങ്കിൽ വാണിക്ക് ഇത് രണ്ടാമൂഴമാണ്. 2010-ൽ പള്ളിപ്പുറം പഞ്ചായത്തിലെ 10-ാം വാർഡിൽ മത്സരിച്ച് പഞ്ചായത്തംഗമായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ, കുടിനീർക്ഷാമം, പള്ളിപ്പുറം പൊയിൽ സംരക്ഷണം, വെള്ളക്കെട്ട് നിർമാർജനം, ദേവസ്വം നടയിലെ ഗതാഗതക്കുരുക്ക്, മാലിന്യ സംസ്കരണത്തിന്റെ പോരായ്മകൾ, പൊതു ശൗചാലയങ്ങളുടെയും ശ്മശാനങ്ങളുടെയും അപര്യാപ്തത എന്നിവയാണ് തിരഞ്ഞെടുപ്പിൽ ഇവിടെ ചർച്ചചെയ്യപ്പെടുന്നത് .പള്ളിപ്പുറത്തെ 23 വാർഡുകളും കുഴുപ്പിള്ളിയിലെ ഒന്നു മുതൽ ഏഴു വരെയും 11, 12 വാർഡുകളും, എടവനക്കാട്ടെ ഒന്ന്, രണ്ട് വാർഡുകളും എട്ടു മുതൽ 15 വരെയുള്ള വാർഡുകളും നായരമ്പലത്തെ ഒന്നാം വാർഡും ഉൾപ്പെടെ 44 പഞ്ചായത്ത് വാർഡുകൾ ഉൾപ്പെട്ടതാണ് ചെറായി ഡിവിഷൻ. വോട്ടർമാർ 60,000-ന്‌ മുകളിൽ വരും.