ഉദയംപേരൂർ : ചരിത്രത്തിലാദ്യമായി കഴിഞ്ഞതവണ ഇടതു മുന്നണിയിൽ നിന്ന്‌ പിടിച്ചെടുത്ത ഉദയംപേരൂർ പഞ്ചായത്ത് ഭരണം നിലനിൽത്താനായുള്ള ശ്രമത്തിൽ യു.ഡി.എഫ്. എന്നാൽ, കൈവിട്ടുപോയ ഭരണം ഇക്കുറി പിടിച്ചെടുക്കാനായുള്ള പോരാട്ടത്തിലാണ് എൽ.ഡി.എഫ്.

വീടുകൾ കയറിയിറങ്ങി വോട്ടഭ്യർഥിക്കുകയാണ് സ്ഥാനാർഥികൾ. ആകെയുള്ള 20 വാർഡുകളിലും മൂന്ന് മുന്നണികളുടേയും സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്.

ചില വാർഡുകളിൽ കക്ഷിരഹിത സ്വതന്ത്രർ മുന്നണി സ്ഥാനാർഥികൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. മൂന്നുതവണ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച അനിൽകുമാർ എം.കെ. ഇത്തവണ 19-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയാണ്.

'ടീം-20 ഉദയംപേരൂർ' എന്ന കൂട്ടായ്മ 3, 10, 17 വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കുന്നുണ്ട്.

സ്ഥാനാർഥി സംഗമം

മുളന്തുരുത്തി : തുരുത്തിക്കര റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തുരുത്തിക്കര പത്താം വാർഡ് പരിധിയിലെ ജില്ലാ-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാർഥികളുടെ സംഗമം സംഘടിപ്പിച്ചു.

സംഗമത്തിൽ ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥികളായ പി.ബി. രതീഷ്, എൽദോ ടോം പോൾ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ വി.കെ. വേണു, ഷാജി മാധവൻ, പഞ്ചായത്ത് സ്ഥാനാർഥികളായ ലിജോ ജോർജ്, നിജി ബിജു, ജോളി തോമസ്, കെ.വൈ. ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു. അസോസിയേഷൻ ക്വിസ് മത്സര വിജയി ജോഹൻ ജോയി ചോദിച്ച ചോദ്യങ്ങൾക്ക് സ്ഥാനാർഥികൾ മറുപടി നൽകി. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് എം.ആർ. വിജയൻ അധ്യക്ഷത വഹിച്ചു. കെ.കെ. കൃഷ്ണൻകുട്ടി, ടി.ആർ. ജയേഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.