തുറവൂർ : ഓടും കുതിര ചാടും കുതിര വെള്ളംകണ്ടാൽ നിൽക്കും കുതിര. ഈ കടങ്കഥ പോലെയാണ് വയലാർ, തുറവൂർ പഞ്ചായത്തുകളിൽനിന്ന് പടിഞ്ഞാറേ കുട്ടൻചാലിലേക്ക് വോട്ടുചോദിച്ചെത്തുന്ന സ്ഥാനാർഥികളുടെ അവസ്ഥ. പ്രവർത്തകർക്കൊപ്പം ആവേശത്തോടെ നടന്നെത്തുന്ന ഇവർ കായലിനരികിലെത്തി ബ്രേക്കിട്ടപോലെ നിൽക്കും. കാരണം മറ്റൊന്നല്ല. കായലിൽ വെള്ളംകാണാനാകാത്തവിധം പോള തിങ്ങിക്കിടക്കുന്നു.

ഇക്കരെ നിന്നിട്ടെന്തു കാര്യം. അക്കരെ കടന്നാൽ വോട്ടുകിട്ടും. ഒന്നും രണ്ടുമല്ല, 69 വോട്ടുകളാണുള്ളത്. പടിഞ്ഞാറെ കുട്ടൻചാലിൽ ചേന്നംപള്ളിപ്പുറം പഞ്ചായത്തു പരിധിയിലെ വീടുകൾകൂടാതെ വയലാർ പഞ്ചായത്തിലെ അഞ്ചു വീടുകളും തുറവൂർ പഞ്ചായത്തിലെ 14 വീടുകളുമുണ്ട്. പള്ളിപ്പുറം പഞ്ചായത്തിലെ സ്ഥാനാർഥികൾക്ക് റോഡുമാർഗമെത്തി പാലത്തിലൂടെ വേഗത്തിൽ കുട്ടൽചാലിലെത്താം.

വയലാർ പഞ്ചായത്തിലെ സ്ഥാനാർഥികൾക്ക് ചേർത്തല, ഒറ്റപ്പുന്ന, പള്ളിപ്പുറം വഴിയും തുറവൂർ പഞ്ചായത്തിലെ സ്ഥാനാർഥികൾ തൈക്കാട്ടുശ്ശേരി പാലംകടന്ന്‌ റോഡുമാർഗവും കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ചാലേ ദ്വീപിലെത്താനാകൂ. ഒന്നുകണ്ട് വോട്ടുചോദിച്ചു മടങ്ങാൻ മണിക്കൂറുകൾ ചെലവഴിക്കണം.

എന്നാൽ, കായൽമാർഗമാണെങ്കിൽ അഞ്ചുമിനിറ്റുകൊണ്ട് എത്തിപ്പെടാം. പക്ഷേ, പോളതിങ്ങിയതോടെ മറുകരയെത്താൻ സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പിനെക്കാൾ കഠിനമാണ്. എന്തുതന്നെയായാലും 69 വോട്ടുകളും തങ്ങളുടെ പെട്ടിയിലാക്കാൻ മുന്നണികൾ കടുത്ത മത്സരത്തിലാണ്.