കൊച്ചി: അമിതാഭ് ബച്ചന്റെ ‘ഷോലെ’ സിനിമയിലേതു പോലുള്ള ജീപ്പിന്റെ മാതൃകയ്ക്ക്‌ മുന്നിൽ വർത്തമാനം പറഞ്ഞു നിൽക്കുമ്പോൾ മൊഹീന്ദർ സിങ് കൂളിങ് ഗ്ലാസ് എടുത്ത്‌ മുഖത്തു വെച്ചു. “എങ്ങനെയുണ്ട് ചേട്ടാ, അടിപൊളിയല്ലേ...?” - മൊഹീന്ദറിന്റെ ചോദ്യത്തിന്‌ ഉത്തരം പോലെ സുരേന്ദർ സിങ്ങും കൂളിങ് ഗ്ലാസ് എടുത്തു വെച്ചപ്പോൾ അരികിലുണ്ടായിരുന്ന പവൻജിത് കൗർ പറഞ്ഞു: “ബല്ലേ ബല്ലേ...” പവൻജിതിന്റെ മറുപടി കേട്ട്‌ പൊട്ടിച്ചിരിയോടെ മൊഹീന്ദറും സുരേന്ദറും പറഞ്ഞു: “യേ കൊച്ചി ബല്ലേ ബല്ലേ...” പഞ്ചാബിലെ പട്യാലയിൽനിന്ന് 56 വർഷം മുമ്പ്‌ കൊച്ചിയിലേക്കു കുടിയേറിയ ഈ കുടുംബത്തിന്‌ കൊച്ചി എന്നും ‘ബല്ലേ ബല്ലേ’ (സന്തോഷത്തോടെയുള്ള ആർപ്പുവിളി) അനുഭവമാണ്.

ഐ.എ.എസും സ്പെയർ പാർട്‌സും

പട്യാലയിലെ ഐ.എ.എസുകാരനായ ഹർഭൻ സിങ് സേഥി 1965-ൽ കേരളത്തിൽ ഡെപ്യൂട്ടേഷനിൽ എത്തുമ്പോഴാണ് ഈ പഞ്ചാബി കുടുംബത്തിന്റെ കൊച്ചിക്കഥ തുടങ്ങുന്നത്. “അന്ന് അച്ഛൻ ജോലിയുടെ ഭാഗമായി തിരുവനന്തപുരത്തു നിന്ന്‌ കൊച്ചിയിലേക്ക്‌ വരുമ്പോൾ കഞ്ഞിക്കുഴി ഭാഗത്തുവെച്ച്‌ കാർ കേടായി. വർക്‌ഷോപ്പിൽ എത്തിച്ചെങ്കിലും സ്പെയർ പാർട്‌സ് കിട്ടണമെങ്കിൽ കൊച്ചിയിൽ പോകണം. കൊച്ചിയിൽ ഒരു കട മാത്രം. വണ്ടി നന്നാക്കാൻ കഴിയാതെ ആ രാത്രി കഞ്ഞിക്കുഴിയിൽ കഴിയുമ്പോഴാണ് അച്ഛൻ കേരളത്തിലെ സ്പെയർ പാർട്‌സ് സാധ്യതകൾ മനസ്സിലാക്കിയത്. പഞ്ചാബിലെത്തിയ അദ്ദേഹം ജോലി രാജിവെച്ച്‌ കൊച്ചിയിൽ സ്പെയർ പാർട്‌സ് ബിസിനസ് ചെയ്യാൻ തീരുമാനിച്ചു. ആ സമയത്ത്‌ കോയമ്പത്തൂരിൽ സ്പെയർ പാർട്‌സ് ബിസിനസ് നടത്തിയിരുന്ന അമ്മയുടെ സഹോദരനുമൊത്താണ് അച്ഛൻ കൊച്ചിയിലേക്ക്‌ വന്നത്” - സുരേന്ദർ സിങ് പറഞ്ഞു.

അമ്മയുടെ ആഗ്രഹം

സ്പെയർ പാർട്‌സ് ബിസിനസിനൊപ്പം കടവന്ത്രയിൽ ‘സേഥി ദ ദാബ’ എന്ന പഞ്ചാബി റസ്റ്റോറന്റും നടത്തുന്നുണ്ട് മൊഹീന്ദർ സിങ്. “കൊച്ചിയാണ് ഞങ്ങളുടെ പ്രിയപ്പെട്ട നാട്. അച്ഛനും അമ്മയും ഇവിടെയെത്തുമ്പോൾ ഞങ്ങളുടെ മൂത്ത സഹോദരി സറബ്ജിത് കൗറിന്‌ രണ്ടു വയസ്സ്. ഞങ്ങൾ നാല്‌ ആൺമക്കളും ഇവിടെയാണ്‌ ജനിച്ചത്. ഭക്ഷണം ഉണ്ടാക്കുന്നതിൽ വലിയ താത്പര്യമുണ്ടായിരുന്ന അമ്മയുടെ ആഗ്രഹമനുസരിച്ചാണ് ഞങ്ങൾ ഇവിടെ റസ്റ്റോറന്റ് തുടങ്ങിയത്. അമ്മ മരിച്ചപ്പോൾ അവരുടെ ആഗ്രഹം സാധിക്കണമെന്ന്‌ മനസ്സു പറഞ്ഞു. അതിനുവേണ്ടി പഞ്ചാബിലെ പാചകരീതികൾ പഠിക്കാൻ രണ്ടു മാസം പട്യാലയിലെ ഹോട്ടലിൽ ജീവനക്കാരനായി നിന്നു. അവിടെ നിന്നുള്ള ഒരു പാചകക്കാരനുമായി ഇവിടെയെത്തിയാണ് ദാബ തുടങ്ങിയത്. ദാബയിൽ ഞാൻ അന്നും ഇന്നും പാചകക്കാരനാണ്. പരമ്പരാഗത പഞ്ചാബി ശൈലിയിലാണ്‌ ഞങ്ങൾ ഭക്ഷണമുണ്ടാക്കുന്നത്” - മൊഹീന്ദർ ദാബ തുടങ്ങിയ കഥ പറഞ്ഞു.

പാകിസ്താനിലെ വേരുകൾ

മൊഹീന്ദറിന്റെ കുടുംബത്തിന്റെ വേരുകൾ തേടിയുള്ള യാത്ര ചെന്നെത്തുന്നത്‌ പാകിസ്താനിലാണ്. “അച്ഛന്റെ തറവാട് പാകിസ്താനിലെ ലാഹോറിലാണ്. ഇന്ത്യ വിഭജനത്തിനു ശേഷം അപ്പൂപ്പൻ കുടുംബവുമായി പട്യാലയിലേക്കു വന്നു. അവിടെ നിന്ന്‌ ഞങ്ങളുടെ അച്ഛൻ കൊച്ചിയിലേക്ക്‌ ചേക്കേറി. വർഷത്തിലൊരിക്കൽ ഞങ്ങളെല്ലാം പട്യാലയിലെ തറവാട്ടിൽ പോകും. നാട്ടിലേക്കുള്ള യാത്രയിലെ വലിയൊരു അനുഭവം സുവർണ ക്ഷേത്രത്തിലെ സന്ദർശനമാണ്. കൊച്ചിയിലെ പല സാധനങ്ങളും നാട്ടിലെ ബന്ധുക്കൾക്ക്‌ സമ്മാനിക്കാറുണ്ട്” - മൊഹീന്ദർ പറഞ്ഞു.

സൂര്യകാന്തിയും പുട്ടും

പഞ്ചാബി വിശേഷങ്ങൾ പറഞ്ഞിരിക്കുമ്പോഴാണ് പവൻജിത് കൗർ ഭക്ഷണ രുചികളുമായെത്തിയത്. “സൂര്യകാന്തിയുടെ ഇലകൾ കൊണ്ടുണ്ടാക്കുന്ന ‘സർസോം കാ സാഗ്’ ഞങ്ങളുടെ സ്പെഷ്യൽ ഐറ്റമാണ്. ചോളപ്പൊടി കൊണ്ടുള്ള ‘മക്കി കി റൊട്ടി’യും പട്യാല ‘ലസ്സി’യും ‘ഗാജർ കാ ഹൽവ’യുമൊക്കെ പഞ്ചാബി രുചിയുടെ സ്പെഷ്യൽ ഐറ്റങ്ങളാണ്. കോയമ്പത്തൂരിൽനിന്ന്‌ കൊണ്ടുവരുന്ന പാൽ കടഞ്ഞ്‌ തൈരാക്കിയാണ് സ്പെഷ്യൽ പട്യാല ലസ്സി ഉണ്ടാക്കുന്നത്” - പവൻജിത് സംസാരിക്കുമ്പോൾ മൊഹീന്ദർ ഇടയിൽ കയറി, “പഞ്ചാബി ഭക്ഷണത്തെക്കാൾ അമ്മയ്ക്കിഷ്ടം കേരള വിഭവങ്ങളായിരുന്നു. കപ്പയും മീൻകറിയും പുട്ടും കടലയും ആയിരുന്നു അമ്മയുടെ ഫേവറിറ്റ്. അമ്മയുണ്ടാക്കിത്തന്ന് ഇപ്പോൾ ഞങ്ങൾക്കെല്ലാം ഇതൊക്കെയുണ്ടാക്കാനറിയാം. എന്നാലും അമ്മയുണ്ടാക്കുന്ന പുട്ടും കടലയും എന്തു ടേസ്റ്റാണെന്നോ...” അമ്മയുടെ ഓർമകളിൽ മൊഹീന്ദർ കൈകൂപ്പി.