കൊച്ചി: കുഞ്ഞുമുഖങ്ങളിൽ വിരിയുന്ന പുഞ്ചിരിയാണു ബട്ടർഫ്ളൈ കൂട്ടായ്മയുടെ ഊർജം. 2014-ൽ അർബുദ ചികിത്സാ സഹായ പദ്ധതി തുടങ്ങുമ്പോൾ നിർധന കുടുംബങ്ങളിലെ കുറച്ചു കുഞ്ഞുങ്ങൾക്കു സഹായമെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഏഴ് വർഷങ്ങൾക്കിപ്പുറം ബട്ടർഫ്ളൈ കാൻസർ കെയർ ഫൗണ്ടേഷൻ എന്ന സംഘടന സഹായമെത്തിച്ചത് 307 കുട്ടികൾക്കാണ്. നൽകിയത് 1.42 കോടി രൂപയുടെ സഹായവും. പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങൾക്കു സഹായമെത്തിക്കുന്ന കൂട്ടായ്മയാണു ബട്ടർഫ്ളൈ. കൊച്ചി കേന്ദ്രമായാണു പ്രവർത്തനം. അർബുദ ബാധിതരായ കുഞ്ഞുങ്ങൾക്കു കേരളത്തിലെവിടെയും ഇവർ സഹായമെത്തിക്കും. ഡോക്ടർമാരായ മൻസൂർ കോയക്കുട്ടി, സുരേഷ്, മനിത ബി. നായർ, സി.പി. നായർ, കെ. ജീന, അനുഷ അശോകൻ തുടങ്ങിയവരുടെ സംഘമാണ് നേതൃത്വം നൽകുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതി, അമ്മമാർക്കായി സ്ത്രീ ശാക്തീകരണ പദ്ധതി എന്നിവയുമുണ്ട്. സാമ്പത്തികവും സാങ്കേതികവുമായ സഹായം ഉറപ്പാക്കാൻ ബട്ടർഫ്ളൈ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫെലോഷിപ്‌സ് (ബി.ഇ.ആർ.എഫ്.) എന്ന പേരിൽ ആവിഷ്‌കരിച്ച പദ്ധതിക്കു കീഴിൽ നൂറ് കുട്ടികൾക്കു സഹായം ലഭിച്ചു. 72 കുടുംബങ്ങളിലെ സ്ത്രീകൾക്കു ശാക്തീകരണ പദ്ധതിയുടെ ഗുണം ലഭിച്ചു. അർബുദ രോഗികൾക്കു കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കുന്ന ഇടപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രാർത്ഥന ക്രിട്ടിക്കൽ കെയർ മെഡിസിനുമായി ബന്ധപ്പെട്ടും ബട്ടർഫ്ളൈ പ്രവർത്തിക്കുന്നു. 693 രോഗികൾക്കാണു മരുന്നു നൽകിയത്.

ചിൽഡ്രൻസ് ഫ്രീ ക്ളിനിക്‌

കൂടുതൽ കുട്ടികൾക്കു ചികിത്സ ഉറപ്പാക്കുന്നതിനായി ചിൽഡ്രൻസ് ഫ്രീ ക്ളിനിക്‌ എന്ന ആശയത്തിനു പിന്നാലെയാണിവർ. ചികിത്സാ സഹായം തേടി ബട്ടർഫ്ളൈ ആസ്ഥാനമായ കൊച്ചിയിലേക്ക് എത്തേണ്ട എന്നതാണു ഗുണം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ മൂന്ന് ഡോക്ടർമാരുടെ സഹായത്തോടെ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണിത്. സ്വകാര്യ ആശുപത്രികളിൽ ഇവർ ജോലി ചെയ്യുന്ന ഇടം തന്നെയാണു ബട്ടർഫ്ളൈ ചിൽഡ്രൻസ് ഫ്രീ ക്ളിനിക്കായി പ്രവർത്തിക്കുന്നത്. സൗജന്യ ചികിത്സ ആവശ്യമുള്ളവർക്കു കുഞ്ഞുങ്ങളുമായി ബട്ടർഫ്ളൈ ക്ളിനിക്കിൽ സഹായം തേടാം. തുടർന്നു വിദഗ്ധ പരിശോധനയ്ക്കു സഹായം നൽകും. വിവിധ രാജ്യങ്ങളിലെ ഡോക്ടർമാരുടെ സഹായവും ലഭിക്കും. ചെലവുകൾ ബട്ടർഫ്ളൈ ഫൗണ്ടേഷൻ വഹിക്കും. കൊച്ചിയിൽ ഡോ. ഫെബിന അബൂബക്കർ, തിരുവനന്തപുരത്ത് ഡോ. അനിത എസ്. പിള്ള, കോഴിക്കോട്ട് ഡോ. അനൂപ് എന്നിവരാണു ബട്ടർഫ്ളൈയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ. സഹായങ്ങളിലാണു ‌ബട്ടർഫ്ളൈയുടെ പ്രവർത്തനം മുന്നോട്ടു പോകുന്നത്. ചികിൽസയ്ക്കു പണം കണ്ടെത്താൻ പ്രത്യേക വാട്‌സാപ് ഗ്രൂപ്പുണ്ട്.

വിവരങ്ങൾക്ക്-9072308020

www.butterflycancercare.org

ചികിത്സ മുടങ്ങരുത്

അർബുദ ബാധിതരായ കുട്ടികൾക്ക് മികച്ച ചികിത്സ നൽകുകയാണു ലക്ഷ്യം. പണമില്ലാത്തതിന്റെ പേരിൽ ആരുടെയും ചികിത്സ മുടങ്ങരുത്.

- ഡോ. മനിത ബി. നായർ