ചെറായി : ട്രോളിങ്‌ നിരോധനം അവസാനിക്കുന്നതോടെ മത്സ്യബന്ധന ബോട്ടുകൾ ഈ 31-ന് അർധരാത്രിക്കു ശേഷം കടലിൽ പോകും. മുനമ്പം, മുരുക്കുംപാടം, കാളമുക്ക് മേഖലയിൽനിന്നു മാത്രം ആയിരത്തോളം ബോട്ടുകളാണ് കടലിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്. അറ്റകുറ്റപ്പണികൾ തീർക്കേണ്ട ബോട്ടുകൾ ദ്രുതഗതിയിൽ പണികൾ തീർത്തുകൊണ്ടിരിക്കുകയാണ്.

ഹാർബറും പരിസരങ്ങളും ഉണർന്നുകഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ പോലീസ് - ഫിഷറീസ് - ആരോഗ്യ വകുപ്പ് അധികൃതരുടെ നിയന്ത്രണങ്ങളിലായിരിക്കും ബോട്ടുകൾ മത്സ്യബന്ധനത്തിനു പോകുക. ട്രോളിങ്‌ നിരോധനം തീരുന്നതിനു മുന്നോടിയായി ബോട്ടുകളിൽ പണിയെടുക്കുന്ന തൊഴിലാളികൾ ബോട്ടുകളിലേക്ക് ആവശ്യമായ വലകൾ ഉൾപ്പെടെയുള്ള സാമഗ്രികളും കുടിവെള്ളവും ഐസും മറ്റും കയറ്റിത്തുടങ്ങിയിട്ടുണ്ട്.

ഇന്ധനം അടുത്ത ദിവസമേ നിറയ്ക്കൂ. ആഴക്കടലിലേക്ക് പോകുന്ന ബോട്ടുകൾക്ക് കണവ, കൂന്തൽ, അയല, കിളിമീൻ എന്നിവയാണ് സീസണിന്റെ തുടക്കത്തിൽ ലഭിക്കാറുള്ളത്.

പൂവാലൻ, കരിക്കാടി ചെമ്മീനുകൾ ലക്ഷ്യം വെച്ച് പോകുന്ന ഇടത്തരം ബോട്ടുകൾ രണ്ടോ, മൂന്നോ ദിവസത്തെ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തും. ഡീസൽ വില ദിനംപ്രതി കുതിച്ചുയരുന്നതിനാൽ പല ബോട്ടുകളും കഴിഞ്ഞ സീസണിൽ നഷ്ടത്തിലായിരുന്നു. പ്രതിദിന മത്സ്യബന്ധന ചെലവ് ഇപ്പോൾ ഒരു ബോട്ടിന് ഒരു ലക്ഷം രൂപയോളം വരുമത്രേ. കിട്ടുന്ന മത്സ്യവും ചെലവും െവച്ച് നോക്കുമ്പോൾ നഷ്ടത്തിന്റെ കണക്കുകൾ മാത്രമാണ് അവശേഷിക്കാറെന്ന് ബോട്ടുടമകൾ പറയുന്നു. ഇതിനിടെ കോവിഡിന്റെ പേരിലും മറ്റും ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും പീഡനങ്ങളും മത്സ്യമേഖലയെ തളർത്തിയെന്നാണ് ഉടമകളും തൊഴിലാളികളും പറയുന്നത്.

ഡീസൽ വിലവർധനയ്ക്കൊപ്പം ലൈസൻസ് ഫീയും: നഷ്ടക്കടലിൽ ബോട്ടുടമകൾ

കൊച്ചി : ട്രോളിങ് നിരോധനം കഴിഞ്ഞ് ഓഗസ്റ്റ് ഒന്നിന് കടലിൽ പോകാൻ കാത്തിരുന്ന ബോട്ടുടമകൾക്ക് ഇരുട്ടടിയായി ലൈസൻസ് ഫീ. കോവിഡും ഇന്ധനവില വർധനയും മൂലം പ്രതിസന്ധിയിലായിരുന്നു ബോട്ടുടമകൾ. ജൂലായ് 31-നകം ലൈസൻസ് ഫീ അടയ്ക്കണമെന്നാണ് ഫിഷറീസ് വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ നല്ല രീതിയിൽ മത്സ്യബന്ധനം നടത്താനായത് രണ്ടര മാസം മാത്രമാണ്. ഒരു വർഷത്തിനിടെ ഡീസൽ വില 30 രൂപയോളമാണ് വർധിച്ചത്.

ഒരു തവണ കടലിൽ പോയി വരാൻ ആയിരം ലിറ്റർ ഡീസൽ ചെറിയ ബോട്ടുകൾക്കും മൂവായിരം ലിറ്റർ ഡീസൽ വലിയ ബോട്ടുകൾക്കും വേണം. അതിനാൽത്തന്നെ നേരിയ ഇന്ധന വിലവർധന പോലും ബാധ്യതയാകും.

കഴിഞ്ഞ സീസൺ നഷ്ടമായതിനാൽ ട്രോളിങ് നിരോധന സമയത്തുള്ള ബോട്ടുകളുടെ വാർഷിക അറ്റകുറ്റപ്പണി ഭൂരിപക്ഷവും നടത്തിയിട്ടില്ല. ആറ്‌ മുതൽ എട്ട്‌ ലക്ഷം രൂപ വരെ ഇതിന് ചെലവാകും.

ഈ സാഹചര്യത്തിലാണ് ലൈസൻസ് ഫീ അടച്ചില്ലെങ്കിൽ പെർമിറ്റും രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 3000 മുതൽ 26,500 രൂപ വരെയാണ് ലൈസൻസ് ഫീ. മറ്റു സംസ്ഥാനങ്ങളിൽ 500 മുതൽ 3000 രൂപ വരെയാണിത്. ലൈസൻസ് ഫീ ഒഴിവാക്കണം

രണ്ട് വർഷത്തെ ലൈസൻസ് ഫീ ഒഴിവാക്കണം. ഒപ്പം സഹായവും നൽകണം. അല്ലെങ്കിൽ മത്സ്യബന്ധന മേഖല തകരും. ഉൾക്കടൽ മത്സ്യബന്ധനം നടത്തുന്ന 3600 ട്രോളിങ് ബോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിൽ 30 ശതമാനത്തിനു മുകളിൽ ബോട്ടുകൾ കടലിൽ ഇറങ്ങാൻ സാധ്യതയില്ല.

ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ,

(ജനറൽ സെക്രട്ടറി, ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോ.)

കടലിലെ അമിത ചൂഷണം

കൊച്ചി : അമിത ചൂഷണം 79 മത്സ്യ ഇനങ്ങളെ ബാധിച്ചതായി കണ്ടെത്തൽ. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.) നടത്തിയ പഠനത്തിലാണീ കണ്ടെത്തൽ. ചാള, അയല, ഞണ്ട്, ചെമ്മീൻ എന്നിവയെല്ലാം അമിതമായി പിടിക്കപ്പെടുന്ന മത്സ്യ ഇനങ്ങളിലുണ്ട്.

രാജ്യത്തെ മത്സ്യസമ്പത്തിന്റെ 36.3 ശതമാനം അമിതമായി ചൂഷണം ചെയ്യപ്പെട്ടതായാണ് കണക്ക്. 26.5 ശതമാനത്തോളം ഈ സാഹചര്യങ്ങളെ അതിജീവിക്കുന്നുണ്ട്. വടക്കു പടിഞ്ഞാറൻ തീര മേഖലയിൽ 54.2 ശതമാനമാണ് അമിത ചൂഷണം കണ്ടെത്തിയത്. വൻ ട്രോളറുകളും മറ്റും കടൽ അരിച്ചുപെറുക്കുന്നത് ചൂഷണ നിരക്ക് കൂട്ടുന്നു. മത്സ്യത്തിന്റെ ആവാസ വ്യവസ്ഥയെയും ഇത് ബാധിക്കുന്നുണ്ട്. മത്സ്യസമ്പത്ത് വളരാൻ സാഹചര്യം ലഭിക്കുന്നില്ല. അമിത ചൂഷണം കുറയ്ക്കുന്നതിനുള്ള നിർദേശങ്ങളും പഠനസംഘം മുന്നോട്ടുെവച്ചിട്ടുണ്ട്. മത്സ്യബന്ധന സമയത്തിൽ ഉൾപ്പെടെ മാറ്റം വേണമെന്നാണ് നിർദേശം ഉയർന്നിരിക്കുന്നത്. ടി.വി. സത്യാനന്ദന്റെ നേതൃത്വത്തിലായിരുന്നു പഠനം. കൂടുതൽ അമിത ചൂഷണം കണ്ടെത്തിയത് പുതുച്ചേരി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലാണ്. 71.4 ശതമാനമാണ് പുതുച്ചേരിയിൽ. ഗുജറാത്തിൽ 65 ശതമാനവും മഹാരാഷ്ട്രയിൽ 46.4 ശതമാനവുമാണ്. കേരളത്തിലിത് 24 ശതമാനമാണ്. 34.1 ശതമാനമാണ് രാജ്യത്തെ സുസ്ഥിര മത്സ്യസമ്പത്ത്. ഇത് കൂടുതലുള്ളത് ഗോവയിലാണ്; (63.6 ശതമാനം). പശ്ചിമ ബംഗാൾ (52.6), കേരളം (52 ) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കെന്ന് സി.എം.എഫ്.ആർ.ഐ.യിലെ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് സുനിൽ മുഹമ്മദ് പറഞ്ഞു.