അങ്കമാലി : അങ്കമാലി-കുണ്ടന്നൂർ ഗ്രീൻ ഫീൽഡ് ബൈപാസ് നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ ജനവാസ മേഖല പരമാവധി ഒഴിവാക്കിയുള്ള അലൈൻമെന്റ് തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാൻ എം.പി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി. എം.പി.മാരായ ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും ബെന്നി ബഹനാനോടൊപ്പം ഉണ്ടായിരുന്നു.

പദ്ധതി നടപ്പാക്കുമ്പോൾ നിലവിലെ അലൈൻമെന്റ് പ്രകാരം നിരവധി വീടുകൾ ഒഴിപ്പിക്കേണ്ടിവരും. പദ്ധതിക്കായി 268 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരുന്നത്. പ്രദേശത്തെ ജനങ്ങൾ പദ്ധതിക്കെതിരല്ല. എന്നാൽ, പുതിയ ബൈപാസ് നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ വീടുകൾ പരമാവധി ഒഴിവാക്കണമെന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് പരമാവധി തുക ലഭ്യമാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നതെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തി-എം.പി. അറിയിച്ചു.